ഇ.പി ജയരാജന്റെ ക്ഷേത്ര പ്രശംസ; സി.പി.എം നേതൃത്വത്തിന് അമ്പരപ്പ്

കണ്ണൂര്‍- ക്ഷേത്രാനുഷ്ഠാനങ്ങളിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും ക്ഷേത്ര ചിന്ത സമൂഹത്തിനു നല്‍കുന്ന ഉണര്‍വിനെക്കുറിച്ചുമൊക്കെയുള്ള സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആധ്യാത്മിക പ്രഭാഷണ രൂപത്തില്‍ ജയരാജന്‍ നടത്തിയ പ്രസംഗം പാര്‍ട്ടി അണികള്‍ക്കിടയിലും സംസാരവിഷയമായി. സംഭവം ഈ മാസം അവസാനം നടക്കുന്ന ജില്ലാ സമ്മേളനത്തിലും ചര്‍ച്ചയാവുമെന്നാണ് സൂചന.

http://malayalamnewsdaily.com/sites/default/files/filefield_paths/p7e.p.jayarajan.jpg

വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റര്‍.

പിലിക്കോട് വെങ്ങക്കോട് പെരുംകളിയാട്ടത്തോടനുബന്ധിച്ച സാംസ്‌കാരിക സമ്മേളന വേദിയിലായിരുന്നു ജയരാജന്റെ പ്രസംഗം. ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ശാസ്ത്രീയ വശമുണ്ടെന്നും ക്ഷേത്രത്തെക്കുറിച്ചുള്ള ചിന്ത മനുഷ്യനു ഉണര്‍വുണ്ടാക്കുമെന്നും പറഞ്ഞ ജയരാജന്‍, നാടിന്റെ ചലനാത്മകതക്കും വളര്‍ച്ചക്കും ഇത് കാരണമാക്കുമെന്നും കേന്ദ്രങ്ങളിലെ പൂജാദി കര്‍മ്മങ്ങള്‍ നന്മയുണ്ടാക്കുമെന്നും മനുഷ്യന്റെ കര്‍മ്മ ശേഷി കൂട്ടുമെന്നും കൂട്ടിച്ചേര്‍ത്തു. 1400 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ക്ഷേത്രാനുഷ്ഠാനങ്ങളില്‍ ഊന്നി ഇന്ന് ശാസ്ത്ര ലോകം പുതിയ നിരീക്ഷണം നടത്തുന്നുവെന്നു പറഞ്ഞ ജയരാജന്‍, ഹോമങ്ങളും പൂജകളും മനുഷ്യരുടെയും പ്രകൃതിയുടെയും സുരക്ഷ പ്രദാനം ചെയ്യുന്നുവെന്നു കൂടി പറഞ്ഞു. സി.പി.എമ്മിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കു നേര്‍ എതിര്‍ വശത്തു നില്‍ക്കുന്നതാണീ പ്രസംഗം എന്നാണ് വിമര്‍ശം. ഈ പ്രസംഗം കഴിഞ്ഞ ഉടന്‍ വേദിയില്‍ നിന്നു തന്നെ പരിഹാസം ഉയര്‍ന്നിരുന്നു. തുടര്‍ന്നു പ്രസംഗിച്ച എന്‍.എ നെല്ലിക്കുന്ന്, ജയരാജന്റെ പ്രസംഗത്തെ പുരോഹിതന്റെ പ്രസംഗം എന്നാണ് വിശേഷിപ്പിച്ചത്.
പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഇതിനെ എങ്ങനെ ന്യായീകരിക്കണമെന്നറിയാതെ കുഴങ്ങുകയാണ് പാര്‍ട്ടി അണികള്‍. അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടുന്ന പാര്‍ട്ടിയുടെ മുതിര്‍ന്ന ഘടകത്തിലെ നേതാവ് ഇത്തരത്തില്‍ പ്രസംഗിച്ചത് പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ക്ഷേത്രങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും സി.പി.എമ്മിനു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കെ, ജയരാജന്‍ നടത്തിയ പ്രസംഗം സാമാന്യ ബുദ്ധിക്കു നിരക്കുന്നതല്ലെന്നും വിമര്‍ശനമുണ്ട്. ഏതാനും ദിവസം മുമ്പും ജയരാജന്‍ ഇത്തരത്തില്‍ പ്രസംഗിച്ചിരുന്നു. കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ട പാര്‍ട്ടി വിശദീകരണ യോഗത്തില്‍ പാര്‍ട്ടിയേയും അതിന്റെ നയങ്ങളേയും വികസനത്തേയും എതിര്‍ക്കുന്നത് പാപമാണെന്നായിരുന്നു ജയരാജന്റെ പ്രസംഗം. പാപ- പുണ്യങ്ങളില്‍ വിശ്വസിക്കാത്ത സി.പി.എം നേതൃത്വം ഇത്തരത്തില്‍ പ്രസംഗിക്കുന്നതിലെ ഔചിത്യം അന്നു തന്നെ ചര്‍ച്ചയായിരുന്നു.
വടക്കേ മലബാറിലെ പെരും കളിയാട്ടങ്ങളോടനുബന്ധിച്ച സാംസ്‌കാരിക പരിപാടികളില്‍ സി.പി.എം നേതാക്കള്‍ പതിവായി പങ്കെടുക്കാറുണ്ട്, പ്രസംഗിക്കാരുമുണ്ട്. എന്നാല്‍ ഇത്തരമൊരു പ്രസംഗം ആദ്യമായാണ് നടത്തുന്നതെന്നാണ് പ്രാദേശിക നേതാക്കളടക്കം പറയുന്നത്. ജയരാജന്റെ പ്രസംഗത്തിനെതിര പരിഹാസവുമായി സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.സി. ഉമേഷ് ബാബു അടക്കമുള്ളവര്‍ രംഗത്തെത്തി. ഈ മാസം 27 നു കണ്ണൂരില്‍ ആരംഭിക്കുന്ന ജില്ലാ സമ്മേളനത്തില്‍ ഈ വിഷയം സജീവ ചര്‍ച്ചക്കു വഴിവെക്കുമെന്നാണ് കരുതുന്നത്.

 

 

Latest News