Sorry, you need to enable JavaScript to visit this website.

ഏറെ സവിശേഷതകളുമായി ഹജ് സ്മാർട്ട് കാർഡ്, പ്രത്യേകതകളറിയാം

മക്ക - തീർഥാടന യാത്ര സുഗമമാക്കൽ, ഹാജിമാർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തൽ തുടങ്ങി നിരവധി സവിശേഷ സേവനങ്ങൾ ഹജ് സ്മാർട്ട് കാർഡ് നൽകുന്നതായി ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. തീർഥാടകർക്ക് നൽകുന്ന ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തൽ, ഹജ് യാത്ര സുഗമമാക്കൽ, തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തൽ എന്നീ ലക്ഷ്യങ്ങളോടെ ഒരു സംയോജിത ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമിൽ പ്രവർത്തനങ്ങളും സേവനങ്ങളും ലിങ്ക് ചെയ്താണ് ഹജ് സ്മാർട്ട് കാർഡ് സംവിധാനം പ്രവർത്തിക്കുന്നത്. 
നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കാർഡ് പുണ്യസ്ഥലങ്ങളിലെ സെൽഫ് സർവീസ് ഉപകരണങ്ങളിൽ റീഡ് ചെയ്യാനാകും. ഹാജിമാരുടെ വ്യക്തിപരമായ വിവരങ്ങൾ സൂക്ഷിക്കൽ, താമസസ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ, പുണ്യസ്ഥലങ്ങളിലെ താമസസ്ഥലങ്ങളിലേക്കുള്ള വഴി വ്യക്തമാക്കൽ, വിവിധ സൗകര്യങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കൽ, നിയമ വിരുദ്ധമായി ഹജ് കർമം നിർവഹിക്കുന്നതിന് തടയിടൽ എന്നിവ അടക്കം നിരവധി സവിശേഷതകൾ സ്മാർട്ട് കാർഡിനുണ്ട്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ വൈവിധ്യവൽക്കരിക്കാനും വികസിപ്പിക്കാനുമുള്ള സൗദി ഭരണകൂടത്തിന്റെ താൽപര്യാനുസൃതവും തീർഥാടകരുടെ സേവനത്തിന് നൂതന സാങ്കേതികവിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രയോജനപ്പെടുത്താനുള്ള ഹജ്, ഉംറ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ തുടർച്ചയെന്നോണവുമാണ് ഈ പ്ലാറ്റ്‌ഫോം മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. 
ഹജ് യാത്രയിൽ സേവനങ്ങൾ മെച്ചപ്പെടുത്താനും തീർഥാടകരുടെ അനുഭവം സമ്പന്നമാക്കാനും നിരന്തരമായ ആസൂത്രണത്തിന്റെയും വികസനത്തിന്റെയും ഭാഗമായാണ് ഹജ് സ്മാർട്ട് കാർഡ് പുറത്തിറക്കിയിരിക്കുന്നതെന്ന് ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അംറ് അൽമദ്ദാഹ് പറഞ്ഞു. ഒത്തുചേരൽ കേന്ദ്രങ്ങൾ അറിയൽ, താമസസ്ഥലത്തു നിന്ന് പുറത്തിറങ്ങാനും തിരികെ പ്രവേശിക്കാനും നിശ്ചയിച്ച സമയങ്ങൾ അറിയൽ, ദൈനംദിന ഭക്ഷണങ്ങൾ തെരഞ്ഞെടുക്കൽ, കൺട്രോൾ സെന്ററിൽ നിന്നുള്ള അലെർട്ടുകൾ സ്വീകരിക്കൽ എന്നിവയെല്ലാം പ്രത്യേക ആപ്പ് വഴി സ്മാർട്ട് കാർഡ് തീർഥാടകർക്ക് നൽകുന്നു. തീർഥാടന യാത്ര വിലയിരുത്താനും ഓരോ ഘട്ടം പൂർത്തിയാകുമ്പോഴും തങ്ങൾക്ക് ലഭിച്ച സേവനങ്ങളുടെ നിലവാരം വിലയിരുത്താനും സ്മാർട്ട് ആപ്പ് വഴി തീർഥാടകർക്ക് സാധിക്കും. 
പച്ച, ചുവപ്പ്, മഞ്ഞ, നീല എന്നീ നാലു വർണങ്ങളിലാണ് സ്മാർട്ട് കാർഡുകളുള്ളത്. ഇതിൽ ഓരോ വർണവും പുണ്യസ്ഥലങ്ങളിൽ ഹാജിമാർ താമസിക്കുന്ന പ്രദേശവുമായി ബന്ധിപ്പിക്കുന്നു. തമ്പുകളുടെ പ്രവേശന കവാടങ്ങളിലെ സ്മാർട്ട് ഗെയ്റ്റുകൾ വഴി തീർഥാടകരുടെ പ്രവേശനത്തിന് സ്മാർട്ട് കാർഡ് പ്രയോജനപ്പെടുത്തും. പുണ്യസ്ഥലങ്ങളിലെ നീക്കങ്ങളുമായി ബന്ധപ്പെട്ട സമയക്രമം, ഹജ് പാക്കേജ് വിശദാംശങ്ങൾ എന്നിവ അറിയാൻ തീർഥാടകരെ സഹായിക്കുന്ന സ്മാർട്ട് കാർഡിൽ സ്വന്തം ആരോഗ്യ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനും ഹാജിമാർക്ക് സാധിക്കുമെന്ന് ഡോ. അംറ് അൽമദ്ദാഹ് പറഞ്ഞു.
 

Latest News