Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് ഇന്ന് അധീറിന്റെ മാറ്റം പ്രഖ്യാപിച്ചേക്കും

ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ തന്ത്രപ്രധാനസമിതിയോഗം ബുധനാഴ്ച ചേരും. ലോക്‌സഭയിലെ കക്ഷിനേതൃസ്ഥാനത്തുനിന്ന് അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റുന്നകാര്യം സോണിയ പ്രഖ്യാപിക്കുമെന്നാണ് സൂചന. ശശി തരൂര്‍, മനീഷ് തിവാരി, ഗൗരവ് ഗൊഗോയി, രണ്‍വീത് ബിട്ടു തുടങ്ങിയവരുടെ പേരുകളാണിപ്പോള്‍ പകരം കേള്‍ക്കുന്നത്.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കടുത്ത വിരോധിയായതുകാരണം അധീര്‍ രഞ്ജന്‍ ചൗധരിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തൃണമൂല്‍ അംഗങ്ങള്‍ മടിക്കുകയാണ്. ഇതു ലോക്‌സഭയിലെ പ്രതിപക്ഷഐക്യത്തെയടക്കം ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അധീറിനെ മാറ്റാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.
സോണിയയും രാഹുലും പങ്കെടുക്കുന്ന യോഗത്തില്‍ അധീറിനുപുറമേ രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി, സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ചീഫ് വിപ്പുമാരായ കൊടിക്കുന്നില്‍ സുരേഷ്, ജയറാം രമേഷ്, ഇരുസഭകളിലെയും ഉപനേതാക്കളായ ആനന്ദ് ശര്‍മ, ഗൗരവ് ഗൊഗോയി തുടങ്ങിയവര്‍ പങ്കെടുക്കും.
പെട്രോള്‍ഡീസല്‍പാചകവാതക വിലവര്‍ധന, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, വാക്‌സിനേഷന്‍ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, കര്‍ഷകസമരം തുടങ്ങിയ കാര്യങ്ങളില്‍ സ്വീകരിക്കേണ്ട പ്രതിഷേധമുറകളും ചര്‍ച്ചയാവും.
 

Latest News