Sorry, you need to enable JavaScript to visit this website.

എസ്.സി - എസ്.ടി ഫണ്ട് വിനിയോഗം; ഇടത് സർക്കാരിന്റേത് ഗുരുതര വീഴ്ച -ഹമീദ് വാണിയമ്പലം

കൊച്ചി - പട്ടിക ജാതി  പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കായുള്ള വിവിധ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും ചെലവഴിക്കാതിരിക്കുകയും ക്ഷേമ പദ്ധതികളിൽ മിക്കതും ഫണ്ട് ലാപ്‌സാക്കുകയും ചെയ്തത് ഇടതു സർക്കാരിന്റെ ഗുരുതര വീഴ്ചയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
ഫണ്ട് വൻതോതിൽ വിനിയോഗിക്കാതിരിക്കുകയും പല വഴികളിലൂടെ ഉേദ്യാഗസ്ഥരും ഇടനിലക്കാരും തട്ടിയെടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഫണ്ട് വിനിയോഗം പരിശോധിക്കാൻ പട്ടിക ജാതി പട്ടികവർഗക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിക്ക് ഉത്തരവാദിത്തം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
2019-20 വർഷത്തിൽ പട്ടിക ജാതിക്കാർക്കായി 17 പദ്ധതികൾക്കായി അനുവദിച്ച 708 കോടി രൂപയിൽ വെറും 39.26 കോടി (5.34 ശതമാനം) മാത്രം ചെലവഴിച്ചതായി എ.ജിയുടെ കണ്ടെത്തൽ ഗൗരവതരമാണ്. എസ്.സി.പി കോർപസ് ഫണ്ടായി (ക്രിട്ടിക്കൽ ഗ്യാപ് ഫില്ലിങ് ) ബജറ്റിൽ അനുവദിച്ചതിൽ 11.69 ശതമാനവും അംബേദ്കർ ഗ്രാമവികസന പദ്ധതികൾക്കായി അനുവദിച്ചതിലെ 11.26 ശതമാനവും മാത്രമാണ് ചെലവഴിച്ചത്.
വിദ്യാഭ്യാസ സഹായത്തിന് അനുവദിച്ച തുകയുടെ 20.4 ശതമാനമേ ചെലവഴിച്ചിട്ടുള്ളൂ. ലൈഫ് മിഷന് കീഴിൽ പട്ടിക ജാതി വിഭാഗങ്ങൾക്കായുള്ള ഭവന പദ്ധതികൾക്കായി അനുവദിച്ച 400 കോടി രൂപയിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. കേന്ദ്രസർക്കാർ സ്‌പോൺസർ ചെയ്ത 9 പദ്ധതികൾക്കായി അനുവദിക്കപ്പെട്ട 25.88 കോടിയിൽ കേവലം 50 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്.

പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കായി 14 ക്ഷേമ പദ്ധതികൾക്കായി 2019-2020 കാലത്ത് സംസ്ഥാന സർക്കാർ അനുവദിച്ച 305 കോടിയിൽ 53.98 കോടി (17.69 ശതമാനം) മാത്രമാണ് ചെലവഴിച്ചത്. ലാപ്‌ടോപ് വിതരണത്തിന്  അനുവദിച്ച 2.25 കോടിയിൽ കേവലം 7 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്. ആശ്രമം സ്‌കൂളുകൾ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകൾ, വയനാട് ഗോത്ര കലാ പഠനകേന്ദ്രം, പരമ്പരാഗത ഗോത്ര വർഗ വൈദ്യൻമാർക്കുള്ള സാമ്പത്തിക സഹായ പദ്ധതി, ആദിവാസി ഹോസ്റ്റലുകൾ മെച്ചപ്പെടുത്താനുള്ള പദ്ധതി എന്നിവയിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. വിനിയോഗിക്കുന്ന ഫണ്ടിൽ നല്ല പങ്ക് വഴിയിൽ നഷ്ടപ്പെടുന്നുണ്ട്.

പട്ടികജാതി വികസന കോർപ്പറേഷനിൽ ചില ജീവനക്കാരുടെ നേതൃത്വത്തിൽ മൂന്ന് വർഷമായി നടക്കുന്ന ലക്ഷങ്ങളുടെ ഫണ്ട് തട്ടിപ്പിൽ 3 ജീവനക്കാരടക്കം 11 പേർക്കെതിരെ ഏപ്രിൽ മാസത്തിൽ പോലീസ് കേസെടുത്തിരുന്നു. പ്രാഥമികമായി 3 ലക്ഷം രൂപയുടെ തട്ടിപ്പ് പുറത്തായതിനെ തുടർന്നുള്ള അന്വേഷണം ഇപ്പോഴും തുടരുന്നുവെങ്കിലും അതിൽ ശക്തമായ നടപടികളൊന്നുമുണ്ടായിട്ടില്ല. 75 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പിന് സമാനമായി നിരവധി പരാതികളുയർന്നു വന്നിട്ടുണ്ട്. പ്രതികളെ ആരെയും ഇന്നുവരെ അറസ്റ്റ് ചെയ്യാൻ പോലും പോലീസിനായിട്ടില്ല.

ഭരണഘടനാ മൂല്യമായ സാമൂഹ്യ നീതിക്കായാണ് പ്രത്യേകം പരിഗണിക്കേണ്ടുന്ന പട്ടിക ജാതി  പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് ക്ഷേമ പദ്ധതികൾ രൂപപ്പെടുത്തുന്നത്. ഇവ ചെലവഴിക്കാതിരിക്കുന്നതും തട്ടിയെടുക്കുന്നതും ഗുരുതരമായ ക്രമക്കേട് മാത്രമല്ല. കാലങ്ങളായി രാജ്യത്ത് നില നിൽക്കുന്ന സവർണ്ണാധിപത്യ ബോധത്തിൽ നിന്നും കൂടിയാണ്. സർക്കാർ ഇത് ഗൗരവതരമായി കാണണം. പട്ടിക ജാതിപട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ഫണ്ടുകൾ യഥാസമയം വിനിയോഗിക്കാതിരിക്കുന്നത് കുറ്റകരമായി പ്രഖ്യാപിക്കണം. ഫണ്ട് തട്ടിയെടുക്കുന്നത് സാധാരണ അഴിമതിക്കേസായി കാണുന്നതിന് പകരം പട്ടിക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടു വന്ന് കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കണം.

പട്ടിക വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനത്തിനായി സർക്കാർ അനുവദിക്കുന്ന ഫണ്ടുകളുടെ സമയ ബന്ധിതമായ വിനിയോഗം പരിശോധിക്കാൻ നിയമസഭാ സമിതിക്ക് ഉത്തരവാദിത്വം നൽകണം. നിലവിൽ പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമത്തിനായുള്ള നിയമസഭാ സമിതിക്ക് ഇത്തരമൊരു ഉത്തരവാദിത്വം ഇല്ല. ഈ സമിതി ഓരോ മൂന്ന് മാസത്തിലും വിനിയോഗം സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും വെൽഫെയർ പാർട്ടി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ ആവശ്യങ്ങളുന്നയിച്ച് ജൂലൈ 14 ന് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ, ജില്ലാ പ്രസിഡന്റ് ജേ്യാതിവാസ് പറവൂർ, ജില്ലാ വൈസ് പ്രസിഡന്റ് ശംസുദ്ദീൻ എടയാർ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Latest News