ന്യൂദൽഹി- താലിബാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ ഇന്ത്യൻ സൈന്യത്തിന്റെ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യയിൽ അഫ്ഗാൻ അംബാസിഡർ ഫരീദ് മാമുണ്ട്സെ. പരിശീലനം, സാങ്കേതിക സഹായം എന്നിവയിലാണ് ഇന്ത്യൻ സഹായം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ സ്ഥിതി നിലവിൽ ആശങ്കാജനകമാണ്. 376 ജില്ലകളിൽ 150 ഇപ്പോൾ പ്രശ്നബാധിതമാണ്. രാജ്യത്തിന്റെ മൂന്നിലൊന്നും പോരാട്ടത്തിലാണ്. ലക്ഷത്തിലേറെ പേർ പലായനം ചെയ്തു. നാലായിരത്തോളം പേർ കൊല്ലപ്പെട്ടു. അഫ്ഗാനിലെ വടക്കാൻ ഭാഗങ്ങളിൽ പലതും കലാപകാരികളുടെ പിടിയിലാണ്. കഴിഞ്ഞ ദിവസം ഫരിയാബ് പ്രവിശ്യയിൽ 22 സർക്കാർ ഉദ്യോഗസ്ഥരെയാണ് കലാപകാരികൾ കൊലപ്പെടുത്തിയത്. രണ്ടു പതിറ്റാണ്ടിന് ശേഷം അഫ്ഗാനിൽനിന്ന് അമേരിക്ക സൈനികരെ പിൻവലിക്കുകയാണ്. ഈ സഹചര്യം മുതലാക്കി രാജ്യം പിടിച്ചെടുക്കാനാണ് താലിബാൻ ശ്രമിക്കുന്നതെന്നും ഫരീദ് മാമുണ്ട്സെ പറഞ്ഞു.






