തുറൈഫ്- വിമാനത്താവളങ്ങളിലെ മോശം സേവനങ്ങളെ സംബന്ധിച്ച് ഉപയോക്താക്കളിൽ നിന്ന് സൗദി ജനറൽ ഏവിയേഷൻ അതോറിറ്റിക്ക് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് തുറൈഫ് എയർപോർട്ടിനെ കുറിച്ചെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസത്തെ കണക്ക് അനുസരിച്ചാണിത്. ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തെ സംബന്ധിച്ചാണ് ദേശീയാടിസ്ഥാനത്തിൽ ഏറ്റവും കുറവ് പരാതികൾ ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനാത്താവളങ്ങളിൽ യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളെ കുറിച്ച് ലഭിച്ച 93 പരാതികളിൽ 22 ഉം തുറൈഫിൽ നിന്നായിരുന്നു. ലഗേജുകൾ, ഗതാഗതം, യാത്രാ നടപടികൾ, അനുബന്ധ കാര്യങ്ങൾ, ബിസിനസ് ക്ലാസ് യാത്രക്കാരുടെ സൗകര്യങ്ങൾ, ഭിന്ന ശേഷിക്കാർക്ക് ലഭിക്കേണ്ടുന്ന സേവനങ്ങൾ, കോവിഡുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കുവാൻ വേണ്ട സൗകര്യങ്ങൾ എന്നിവയെ കുറിച്ചാണ് പരാതികളിൽ അധികവും. തുറൈഫ് വിമാനത്താവളത്തിൽ സേവനങ്ങൾ മെച്ചപ്പെടുത്താൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിൽ റിയാദ് കിംഗ് ഖാലിദ് എയർപോർട്ടാണ് രണ്ടാം സ്ഥാനത്ത്. കൂടുതൽ പരാതികൾ ലഭിച്ചതിൽ തുറൈഫിന് പിന്നിൽ വാദി ദിവാസിർ എയർപോർട്ടാണ് രണ്ടാമത് നിൽക്കുന്നതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.






