ഭീകരാക്രമണത്തിനു സാധ്യത; രാജസ്ഥാന്‍ അതിര്‍ത്തിയില്‍ ജാഗ്രത,നിരോധനാജ്ഞ

ജയ്പുര്‍- ഭീകരാക്രമണത്തിനും സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജസ്ഥാന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന ജാഗ്രത.
ഇന്ത്യ-പാക് അതിര്‍ത്തിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലും ശ്രീഗംഗാനഗര്‍, കരണ്‍പുര്‍, റായ്‌സിങ് നഗര്‍, അനുപ്ഗര്‍, ഘര്‍സാന എന്നിവിടങ്ങളിലും സെപ്റ്റംബര്‍ 11 വരെ 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തി. രാജസ്ഥാന്‍ അതിര്‍ത്തിക്കു സമീപം നുഴഞ്ഞു കയറ്റക്കാര്‍ ഭീകരാക്രമണത്തിന്  ശ്രമം നടത്തുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതായി ശ്രീഗംഗാനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് സക്കീര്‍ ഹുസൈന്‍ പറഞ്ഞു.  
ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് കര്‍ശന നിയന്ത്രണങ്ങള്‍. വൈകിട്ട് ഏഴു മുതല്‍ രാവിലെ ആറു വരെ യാത്രകള്‍ അനുവദിക്കില്ല. ഈ സമയങ്ങളില്‍ പടക്കവും ബാന്‍ഡ് മേളങ്ങളും നിരോധിച്ചിട്ടുണ്ട്.
കൃഷിപ്പണിക്ക്  കര്‍ഷകര്‍ അതിര്‍ത്തി പോസ്റ്റ് ഓഫീസുകളില്‍ നിന്നോ ജില്ലാ അധികാരികളില്‍ നിന്നോ സൈനികരില്‍ നിന്നോ മുന്‍കൂര്‍ അനുമതി വാങ്ങണം. സംസ്ഥാന  കേന്ദ്ര സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

 

Latest News