കൊച്ചി- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വാക്സിന് ചലഞ്ചിലേക്ക് പിടിച്ച തുക രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നു ഹൈക്കോടതി. വാക്സിന് ചലഞ്ചുമായി ബന്ധപ്പെട്ടു നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് കോടതി വ്യക്തമാക്കി. നിയമപരമായ പിന്‍ബലമില്ലാതെ പെന്ഷന് തുകയില്‍ നിന്നു പണം പിടിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയ കോടതി രണ്ടാഴ്ചയ്ക്കകം പണം നല്‍കണമെന്നു ഉത്തരവിട്ടു. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഭാവിയില്‍ പെന്ഷന് പണം വ്യക്തികളുടെ അനുമതിയില്ലാതെ ഈടാക്കില്ലെന്നു രേഖാമൂലം ഉറപ്പു നല്‍കണമെന്നു കോടതി കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു. നിര്‍ബന്ധമായി ഈടാക്കിയ കെ.എസ്.ഇ.ബി നിലപാട് ശരിയല്ലെന്നു കോടതി വ്യക്തമാക്കി. ഒരുദിവസത്തെ പെന്ഷന് തുക പിടിച്ചതിന് എതിരെ കെ എസ് ഇ ബി മുന്‍ ജീവനക്കാരുടെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. കെ എസ് ഇ ബിയിലെ രണ്ട് മുന്‍ ജീവനക്കാരുടെ പെന്‍ഷനില്‍ നിന്ന് അനുമതിയില്ലാതെ പിടിച്ച തുക തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഹരജിക്കാരുടെ അസോസിയേഷന്റെ അനുമതിയോടെയാണ് പണം പിടിച്ചത് എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.






