ന്യൂദൽഹി- കേരളത്തിന്റെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രേമോഡി പൂർണ്ണ സഹായം വാഗ്ദാനം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മുതൽ കാസർക്കോട് വരെ കപ്പൽ ഗതാഗത സാധ്യത പ്രധാനമന്ത്രി ആരാഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അഴീക്കൽ മുതൽ കൊച്ചി വരെ ഇപ്പോഴുള്ള കപ്പൽ വഴിയുള്ള ചരക്കുഗതാഗതം നടക്കുന്നുണ്ട്. ഇക്കാര്യം മോഡിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഗെയ്ൽ പൈപ്പ് ലൈൻ പൂർത്തിയാക്കിയതിന് മോഡി അഭിനന്ദിച്ചുവെന്നും പിണറായി പറഞ്ഞു. കേരളത്തിലെ കോവിഡ് സഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. കൂടുതൽ വാക്‌സിൻ കേരളത്തിന് ലഭ്യമാകേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഈ മാസം 60 ലക്ഷം ഡോസ് വാക്‌സിൻ ആവശ്യമുണ്ട്. നേരത്തെയും ഇക്കാര്യം കേന്ദ്ര ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ കോവിഡ് മരണം കുറക്കാൻ സാധിച്ചു. തലശേരി മുതൽ മൈസൂർ വരെയുള്ള റെയിൽപാതക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ പ്രൊജക്ട് റിപ്പോർട്ടും സമർപ്പിച്ചു. കണ്ണൂർ വിമാനതാവളത്തിൽ വിദേശ എയർലൈനുകൾക്ക് അനുമതി ലഭിക്കാത്തതും മോഡിയുടെ ശ്രദ്ധയിൽപ്പെടുത്തി.






