കൊച്ചി- മദ്യവിൽപ്പനശാലകൾ ആൾതിരക്കില്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾക്കു മുന്നിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ പരാമർശം. പ്രധാന പാതയോരങ്ങളിൽ മദ്യവിൽപ്പന ശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
മദ്യവിൽപ്പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. ബാറുകളിൽ മദ്യവിൽപ്പന പുനരാരംഭിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയുമെന്നും സർക്കാർ വിശദീകരിച്ചു.മദ്യ വിൽപ്പനയ്ക്ക് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ആരംഭിച്ചതായും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
മദ്യവിൽപ്പനയിലെ ലാഭം മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.






