ഗുവാഹതി- അസമില്‍ പുതിയ കന്നുകാലി സംരക്ഷണ നിയമം അവതരിപ്പിച്ചതായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. അസം കാറ്റില്‍ പ്രിസര്‍വേഷന്‍ ബില്‍, 2021 എന്ന പുതിയ ബില്‍ കന്നുകാലികളുടെ കശാപ്പ്, ഉപഭോഗം, അനധികൃത കടത്ത് എന്നിവ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ശര്‍മ പറഞ്ഞു. 1950 ലെ കന്നുകാലി സംരക്ഷണ നിയമം റദ്ദാക്കി 2021 ലെ പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തും.
സാധുവായ രേഖകളില്ലാതെ അസമില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും തിരിച്ചും കന്നുകാലികളെ കൊണ്ടുപോകുന്നത് നിര്‍ദ്ദിഷ്ട നിയമം വിലക്കുന്നു. ബീഫ് ഭക്ഷിക്കാത്ത സമൂഹങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലും ഏതെങ്കിലും ക്ഷേത്രത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലും ബീഫ് വില്‍ക്കുന്നതും വാങ്ങുന്നതും ഈ നിയമപ്രകാരം നിരോധിച്ചിരിക്കുന്നു.
ബില്ലില്‍ ഭേദഗതികള്‍ കൊണ്ടുവരണമെന്ന് ബില്ലിനോട് പ്രതികരിച്ച് പ്രതിപക്ഷം അഭിപ്രായപ്പെട്ടു. നിയമ വിദഗ്ധരെക്കൊണ്ട് ബില്‍ പരിശോധിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന്റെ ദേബബ്രത സൈകിയ പറഞ്ഞു.
ബംഗ്ലാദേശിലേക്കുള്ള കന്നുകാലികളുടെ കള്ളക്കടത്ത് തടയാന്‍ ലക്ഷ്യമിട്ടാണ് നിയമനിര്‍മാണമെന്ന് ശര്‍മ നേരത്തെ പറഞ്ഞിരുന്നു. കന്നുകാലികളുടെ കശാപ്പ്, ഉപഭോഗം, കടത്ത് എന്നിവ നിയന്ത്രിക്കുന്നതിന് 1950 ലെ നിയമത്തില്‍ മതിയായ നിയമ വ്യവസ്ഥകള്‍ ഇല്ലെന്നും അതിനാല്‍ പുതിയ നിയമനിര്‍മ്മാണം നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എരുമ, പശു, കാള, പോത്ത് തുടങ്ങിയ കന്നുകാലികളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.






