ജനപ്രതിനിധികള്‍ക്ക് ലെവി ഏര്‍പ്പെടുത്തി മാണി ഗ്രൂപ്പ്

കോട്ടയം- ജനപ്രതിനിധികള്‍ക്ക് ലെവി ഏര്‍പ്പെടുത്തി കേരള കോണ്‍ഗ്രസ് എം. പഞ്ചായത്തംഗം മുതല്‍ എം.പി. വരെയുള്ള ജനപ്രതിനിധികള്‍ അവരുടെ ഒരു മാസത്തെ വരുമാനം കേരള കോണ്‍ഗ്രസ് എം ഫണ്ടിലേക്ക് നല്‍കേണ്ടിവരും. ലെവി ഈടാക്കാന്‍ സംഘടനാ പരിഷ്‌കാരത്തില്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എല്ലാ അംഗങ്ങളില്‍നിന്നും വേണോ എന്നതില്‍ ആശയക്കുഴപ്പമുണ്ടായി. സംഘടനാ പരിഷ്‌കരണം പഠിക്കുന്ന സമിതി ഇക്കാര്യത്തില്‍ അന്തിമനിര്‍ദേശം നല്‍കും. ആദ്യഘട്ടത്തില്‍ ജനപ്രതിനിധികള്‍ക്ക് മാത്രമേ ലെവി ഉണ്ടാകൂ. പിന്നീട് വേണ്ടിവന്നാല്‍ മാറ്റം വരുത്തും.

കമ്മിറ്റികളുടെ അഴിച്ചുപണിയാണ് മറ്റൊന്ന്. മേലില്‍ സ്റ്റിയറിംഗ്് കമ്മിറ്റി മാത്രമേ ഉണ്ടാകൂ. പിളരും മുമ്പ് അതിലെ അംഗങ്ങള്‍ 111 ആയിരുന്നു. നിലവില്‍ 62 പേരുണ്ട്. ഇതിന്റെ അംഗസഖ്യ 30 ആക്കിയേക്കും.

ഹൈ പവര്‍ കമ്മിറ്റി വേണ്ടെന്നുവെക്കാനും നീക്കമുണ്ട്. 29 പേരാണ് ഇതിലുണ്ടായിരുന്നത്. മണ്ഡലംതല കമ്മിറ്റിയംഗങ്ങളുടെയും എണ്ണം കുറക്കും. പ്രവാസികളും ഉള്‍പ്പെടുന്ന അനുഭാവിസംഘം ഉണ്ടാക്കാന്‍ ഓണ്‍ലൈന്‍ അംഗത്വം നല്‍കും. ഇത് സജീവാംഗത്വമായി പരിഗണിക്കില്ല. എന്നാല്‍, ഇവര്‍ക്ക് പരിഗണന കിട്ടും.
കഴിഞ്ഞദിവസം ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇവരുടെ ശുപാര്‍ശകള്‍ അടുത്ത യോഗം പരിഗണിക്കും.

 

Latest News