സാബുവിനെ വെട്ടിലാക്കി തൊഴില്‍ വകുപ്പിന്റെ കണ്ടെത്തല്‍; കിറ്റക്‌സില്‍ തൊഴിലാളികള്‍ക്ക് വേതനമില്ലാതെ അധിക ജോലി, സൗകര്യങ്ങളുമില്ല

കൊച്ചി- സര്‍ക്കാരിനെതിരെ പോരിനിറങ്ങിയ വ്യവസായി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡില്‍ നിയമലംഘനങ്ങള്‍ നടക്കുന്നതായി തൊഴില്‍വകുപ്പിന്റെ കണ്ടെത്തല്‍. അവധി ദിനത്തിലും ജീവനക്കാരെ അധിക വേതനം നല്‍കാതെ ജോലി ചെയ്യിപ്പിക്കുന്നു, മിനിമം വേതനം തൊഴിലാളികള്‍ക്ക് നല്‍കുന്നില്ല, അനധികൃതമായി തൊഴിലാളികളില്‍ നിന്ന് പിഴ ഈടാക്കുന്നു, വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചില്ല, തൊഴിലാളികളുടെ വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല, ശമ്പളം കൃത്യസമയത്തു നല്‍കാന്‍ കമ്പനി തയാറാകുന്നില്ല, സാലറി സ്ലിപ്പുകള്‍ സൂക്ഷിച്ചിരുന്നില്ല, ശമ്പള രജിസ്റ്റര്‍ ഇല്ല, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ സൗകര്യം ഉണ്ടായിരുന്നില്ലസ എന്നിവയാണ് തൊഴില്‍ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. വേണ്ടത്ര ശുചിമുറികള്‍ കമ്പനിയിലില്ല, തൊഴിലാളികള്‍ക്ക് കുടിവെള്ളം ഉറപ്പുവരുത്തിയിട്ടില്ല എന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കരാര്‍ തൊഴിലാളികള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് തൊഴില്‍വകുപ്പ് ഈയിടെ നടത്തിയ പരിശോധനയിലെ കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതോടെ എംഡി സാബു എം ജേക്കബ് പ്രതിരോധത്തിലായി. 

ഈ പരിശോധനാ റിപോര്‍ട്ട് കള്ളത്തരമാണെന്നാണ് സാബു പറയുന്നത്. ഒരു രേഖയും പരിശോധിക്കാതെയാണ് ഈ റിപോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും ഓരോന്നിനേയും നേരിടാന്‍ തനിക്കു കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു.

Latest News