ന്യൂദല്‍ഹി- ദല്‍ഹി സര്‍ക്കാര്‍ നടത്തിവരുന്ന നിരവധി വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ തീര്‍ന്നു. ഇതോടെ ഇന്ന് കുത്തിവെപ്പ് നിര്‍ത്തുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ദിവസേന 1.5 ലക്ഷം ഡോസുകള്‍ വിതരണ ചെയ്തിരുന്ന സംസ്ഥാനത്ത് തിങ്കളാഴ്ച 36,310 ഡോസ് മാത്രമാണ് വിതരണം ചെയ്യാന്‍ കഴിഞ്ഞത്. ദല്‍ഹിയില്‍ വീണ്ടും വാക്‌സിന്‍ തീര്‍ന്നിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഒന്നോ രണ്ടോ ദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രമാണ് നല്‍കുന്നത്. ഇത് തീര്‍ന്നാല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ദിവസങ്ങളോളം പൂട്ടിയിടേണ്ടി വരന്നു. ഇത്ര ദിവസം പിന്നിട്ടിട്ടും രാജ്യത്തെ വാക്‌സിന്‍ വിതരണത്തിലെ വീഴ്ച പരിഹരിച്ചിട്ടില്ല- സിസോദിയ പറഞ്ഞു.
ഏറെ വിവാദമായ വാക്‌സിനേഷന്‍ നയം തിരുത്തി ജൂണ്‍ 21 മുതല്‍ പുതിയ നയം നിലവില്‍ വരികയും സംസ്ഥാനങ്ങല്‍ക്ക് കേന്ദ്രം പൂര്‍ണമായും സൗജന്യ വാക്‌സിന്‍ വിതരണം ചെയ്തു തുടങ്ങിയിട്ടും ദല്‍ഹിയില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വാക്‌സിന്‍ ഇല്ലാത്തതിനാല്‍ ദിവസങ്ങളോളം പൂട്ടിയിടേണ്ടി വരികയാണ്. ഇത് ദല്‍ഹി സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ല. ദല്‍ഹിക്കു പുറമെ മറ്റു സംസ്ഥാനങ്ങളും ഈ പ്രശ്‌നം നേരിടുന്നുണ്ട്.