Sorry, you need to enable JavaScript to visit this website.

ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് വന്‍ അഗ്നിബാധ; ഇറാഖില്‍ 52 കോവിഡ് രോഗികള്‍ വെന്തുമരിച്ചു

ബഗ്ദാദ്- ഇറാഖിലെ തെക്കന്‍ പട്ടണമായ നാസിരിയയിലെ അല്‍ ഹുസൈന്‍ ആശുപത്രിയിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലുണ്ടായ വന്‍ അഗ്നിബാധയില്‍ 52 രോഗികള്‍ വെന്തുമരിച്ചു. തിങ്കളാഴ്ച രാത്രിയാണ് തീപ്പിടിത്തമുണ്ടായത്. ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചതായി എഫ്പി റിപോര്‍ട്ട് ചെയ്യുന്നു. ദുരന്തത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിനുള്ളില്‍ ഇനിയും ആളുകള്‍ കുടുങ്ങിയിരിക്കാമെന്ന് സംശയിക്കുന്നതിനാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെയും തിരച്ചില്‍ നടത്തിവരികയാണ്. അപകടം നടന്ന കോവിഡ് വാര്‍ഡില്‍ 70 ബെഡുകളാണ് ഉണ്ടായിരുന്നത്. പല രോഗികളേയും ഇതുവരെ കണ്ടെത്തിയിട്ടില്ല. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും കടുത്ത പുകയും അവശിഷ്ടങ്ങളും തിരച്ചിലിന് തടസ്സമാകുന്നുണ്ട്. 

വിവരമറിഞ്ഞ രോഗികളുടെ ബന്ധുക്കള്‍ ആശുപത്രിക്കു സമീപം ഓടിയെത്തി. ഇവര്‍ പോലീസുമായി ഏറ്റുമുട്ടി. രോഷാകുലരായ ബന്ധുക്കള്‍ രണ്ട് പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു. സംഭവത്തെ തുടര്‍ന്ന് നാസിരിയ ഉള്‍പ്പെടുന്ന പ്രവിശ്യയില്‍ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഏപ്രിലില്‍ ബഗ്ദാദിലെ ഒരു ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 82 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest News