ഗാര്‍ഡിനു നേരെ മുളകുപൊടി എറിഞ്ഞ് 7 തടവുകാര്‍ ജയില്‍ച്ചാടി

ഗുവാഹത്തി- അരുണാചല്‍ പ്രദേശിലെ ഈസ്റ്റ് സിയാങ് ജില്ലയില്‍ ഏഴു തടവുകാര്‍ ജയില്‍ ഗാര്‍ഡുമാര്‍ക്കുനേരെ മുളകുപൊടി എറിഞ്ഞും അക്രമിച്ചും ജയില്‍ച്ചാടി രക്ഷപ്പെട്ടു. സംഭവത്തില്‍ അഞ്ച് ഗാര്‍ഡുമാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് 6.30നാണ് സംഭവം. ഭക്ഷണം നല്‍കാനായി സെല്‍ തുറന്നപ്പോഴാണ് സെല്ലിലുണ്ടായിരുന്ന ഏഴ് വിചാരണ തടവുകാര്‍ ചേര്‍ന്ന് ഗാര്‍ഡുമാര്‍ക്കു നേരെ അക്രമംഅഴിച്ചുവിട്ട് കടന്നു കളഞ്ഞത്. അഭിജിത് ഗൊഗോയ്, താരോ ഹമാം, കലോം അപാങ്, താലും പാന്‍യിങ്, സുഭാഷ് മൊണ്ഡല്‍, രാജ തയെങ്, ഡാനി ഗംലിന എന്നിവരാണ് ജയില്‍ച്ചാടിയത്. എല്ലാവരും വിചാരണ തടവുകാരായിരുന്നു. പരിക്കേറ്റ അഞ്ച് ജയില്‍ ഗാര്‍ഡുമാരില്‍ ഒരാളുടെ തലയ്ക്ക് സാരമായി പരിക്കുണ്ട്. സെല്ല് പൂട്ടുന്ന ലോക്കുമായി തടവുകാര്‍ ഗാര്‍ഡിന്റെ തലയ്ക്കടിച്ചതാകാമെന്ന് സംശയിക്കുന്നു. രക്ഷപ്പെടുന്നതിനിടെ പോലീസ് ഐജിയുടെ മൊബൈല്‍ ഫോണും തവുകാര്‍ തട്ടിയെടുത്തു. 

ഇവരെ കണ്ടെത്താനായി അര്‍ധസൈനികരെ ഈസ്റ്റ് സിയാങ് നഗരത്തിലുടനീളം വിന്യസിച്ചു. എല്ലാ വഴികളും അടച്ചിരിക്കുകയാണ്. കോവിഡ് കാരണം വൈകീട്ട് 3 മുതല്‍ പുലര്‍ച്ചെ 5 വരെ കര്‍ഫ്യൂ ഉള്ളതിനാല്‍ ഇവര്‍ക്ക് പുറത്തുപോകുക എളുപ്പമായിരിക്കില്ലെന്നും വൈകാതെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
 

Latest News