തെരഞ്ഞെടുപ്പുകാലത്തെ സി.പി.എമ്മിലെ വിഭാഗീയത: പൊന്നാനിയിലേക്ക് അന്വേഷണ കമ്മീഷൻ


പൊന്നാനി- നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ തെരുവിൽ ഒരു വിഭാഗം നടത്തിയ പ്രകടനത്തെക്കുറിച്ച് പരിശോധിക്കാൻ സി.പി.എം സംസ്ഥാന കമ്മറ്റി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. പ്രകടനത്തിനിടയായ സാഹചര്യവും, വിഭാഗീയ പ്രവർത്തനവും വിലയിരുത്തി റിപ്പോർട്ട് നൽകാനാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എം സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം നടന്നത്. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും,ടി.എം സിദ്ദിഖിനും വേണ്ടി പോസ്റ്ററുകൾ ഉയർന്ന സാഹചര്യവും അന്വേഷിക്കും. കൂടാതെ ചില ഓൺലൈൻ മാധ്യമങ്ങൾ വഴി സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് വന്ന വാർത്തകളും പരിശോധിക്കും. വിഷയത്തിൽ സി.പി.എം ജില്ലാ കമ്മറ്റിയും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് വിഭാഗീയതയുണ്ടാക്കുന്ന  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ കണ്ടെത്താനും, നടപടികൾ സ്വീകരിക്കാനും സംസ്ഥാന കമ്മറ്റി തീരുമാനിച്ചത്. ചിലപാർട്ടി നേതാക്കളുടെ മൗനാനുവാദത്തോടെയാണ് തെരുവിൽ പരസ്യ പ്രകടനം നടന്നതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. വിഭാഗീയതയെത്തുടർന്ന് പരസ്യ പ്രകടനമുണ്ടായെങ്കിലും, സി.പി.എം സ്ഥാനാർത്ഥി പി.നന്ദകുമാർ മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചതിനെത്തുടർന്ന് നടപടിയുണ്ടാകില്ലെന്നായിരുന്നു പാർട്ടിക്കിടയിൽ അഭിപ്രായമുയർന്നതെങ്കിലും  വിഷയം സമഗ്രമായി പഠിക്കാൻ തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കുറ്റിയാടിയിലുണ്ടായ സമാന പ്രതിഷേധത്തിന് നേതൃത്വം നൽകിയവർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു


 

Latest News