Sorry, you need to enable JavaScript to visit this website.

വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ  തവളയെ പോലെ -സാബു എം. ജേക്കബ്  

കൊച്ചി- സംസ്ഥാന സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കിറ്റെക്‌സ് എം.ഡി സാബു എം. ജേക്കബ്.  കേരളത്തിലെ വ്യവസായവകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവളയെപ്പോലെയെന്ന് പരിഹസിച്ച കിറ്റക്‌സ് നിക്ഷേപ സൗഹൃദത്തിന്റെ കാര്യത്തിൽ കേരളം 50 വർഷം പിറകിൽ ആണെന്നും വിമർശിച്ചു. കേരളം വിടുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കിറ്റക്‌സ് ഓഹരി രണ്ടു ദിവസം കൊണ്ട് 400 കോടി കൂടിയത് ഇതിന് തെളിവാണെന്നും സാബു ജേക്കബ് പറഞ്ഞു.
കേരളത്തിലെ വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ തവളയാണ്. മറ്റ് സംസ്ഥാനങ്ങളും രാജ്യങ്ങളുമൊക്കെ ഒരു വ്യവസായം തുടങ്ങാൻ എന്തെല്ലാം സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ടെന്ന് ഇവിടുത്തെ സർക്കാരിന് ഒരു ധാരണയുമില്ല. കേരളം ഇപ്പോഴും ഉയർത്തിക്കാട്ടുന്നത് ഏകജാലക സംവിധാനമാണ്. ഇത് കാലഹരണപ്പെട്ടതാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഏക ലൈസൻസ് സംവിധാനം നിലവിൽ വന്നിട്ടുണ്ട്. ഒരൊറ്റ ലൈസൻസ് കൊണ്ട് 10 വർഷം വരെ വ്യവസായം നടത്താം. പിന്നീട് അത് പുതുക്കിയാൽ മതി. ലോകത്ത് നടക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നത് ഇവിടെ അറിയുന്നില്ല. അതൊക്കെ മനസ്സിലാക്കാതെയാണ് ഏകജാലക സംവിധാനത്തെ പ്രകീർത്തിക്കുന്നത്. കേരളത്തിൽ 30 ദിവസത്തിനുള്ളിൽ നടത്തിയത് 11 റെയ്ഡുകളാണ്. തെലങ്കാനയിൽ അത്തരത്തിൽ ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഒരു പരിശോധന നടന്നാൽ തന്നെ മുൻകൂട്ടി അറിയിക്കും. എന്തെങ്കിലും അപാകതകൾ കണ്ടെത്തിയാൽ തന്നെ അത് പരിഹരിക്കാനുള്ള നടപടികളാകും സ്വീകരിക്കുക എന്നും ഉറപ്പുതന്നിട്ടുണ്ട്.


കേരളത്തിൽ 53 വർഷംകൊണ്ട് നേടാൻ സാധിക്കാത്തത് പത്തുവർഷംകൊണ്ട് തെലങ്കാനയിൽ നിന്ന് തിരിച്ചു പിടിക്കാൻ ആകും. പരമാവധി ആളുകൾക്ക് തൊഴിൽ നൽകണമെന്നാണ് തെലങ്കാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. മാലിന്യസംസ്‌കരണം സർക്കാരിന്റെ ഉത്തരവാദിത്തം ആയിട്ടാണ് തെലുങ്കാന കാണുന്നത്. അതുകൊണ്ടുതന്നെ തെലുങ്കാനയിൽ നിക്ഷേപം നടത്തുന്നത് ഗുണകരമാണ്.
ഏറെ വേദനയോടെയാണ് കേരളം വിടേണ്ടി വരുന്നതെന്നും സാബു എം ജേക്കബ് പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്ന് എതിർപ്പു തുടർന്നാൽ കിഴക്കമ്പലത്തെ സ്ഥാപനങ്ങളും പൂട്ടും. പുറത്ത് കമ്പനി തുടങ്ങിയാൽ ഇതിന്റെ ഇരട്ടി ലാഭം നേടാം. ഇവിടെ ഉണ്ടാകുന്ന നഷ്ടം നികത്താൻ മറ്റ് സംസ്ഥാനങ്ങൾ തയാറാണ്. ബംഗ്ലാദേശ്, യു.എ.ഇ എന്നിവിടങ്ങളിൽ നിന്ന് നിക്ഷേപം നടത്തുന്നതിന് ക്ഷണം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് ചർച്ചകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. 


കിറ്റക്‌സിനെതിരെ ഉദ്യോഗസ്ഥ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതിനുള്ള തെളിവുകൾ പുറത്തു വിടും. ലോകത്ത് തന്നെ കേരളത്തിൽ മാത്രമാവും ഒരു സ്ഥാപനത്തിനെതിരെ എത്രയധികം ജനപ്രതിനിധികൾ സർക്കാരിന് കത്ത് അയക്കുന്നത്. കുന്നത്തുനാട് എം.എൽ.എ: പി.പി. ശ്രീനിജിന് തന്നോട് എന്താണ് ഇത്ര എതിർപ്പ് എന്ന് അറിയില്ല. പി.ടി. തോമസിന് മാലിന്യ പ്രശ്‌നത്തെക്കുറിച്ച് എന്തറിയാം. 3500 കോടിയുടെ പദ്ധതിയുമായി മുന്നോട്ട് പോയില്ലെന്നു പറയുന്നത് തെറ്റാണ്. 2020 ൽ കെ.പി.എം. ജി തയാറാക്കിയ പ്രൊജക്റ്റ് റിപ്പോർട്ട് പുറത്തു വിട്ടു. 
മുഖ്യമന്ത്രിയും ആയി നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തിന് തന്നെ വിമർശിക്കാനും ശാസിക്കാനും അധികാരമുണ്ട്. തന്റെ കുടുംബവുമായി അത്രക്ക് അടുപ്പം അദ്ദേഹത്തിനുണ്ട്. വ്യക്തി ബന്ധങ്ങൾ ബിസിനസിന് ഉപയോഗിക്കില്ലെന്നും സാബു പറഞ്ഞു.

 


 

Latest News