ന്യൂദൽഹി- അതിശക്തമായ ഇടിമിന്നലേറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 68 മരണം. ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഇടിമിന്നലേറ്റ് ഇത്രയധികം ആളുകൾ മരിച്ചത്. ഉത്തർപ്രദേശിൽ മാത്രം 41 പേരാണ് മരിച്ചത്. കനത്ത മഴയിലും മിന്നലിലും പെട്ട് യു.പിയിലെ പ്രയാഗ് രാജിൽ 14 പേർ മരിച്ചു. കാൺപൂർ ഫത്തേപ്പൂർ, കൗശംബി, ഫിറോസാബാദ്, ഉന്നാവോ, ഹമീർപൂർ, സോൻഭദ്ര എന്നിവിടങ്ങളിൽ ബാക്കി ആളുകൾ മരിച്ചത്. യു.പിയിൽ ഇടിമിന്നലേറ്റ് 250ൽ അധികം മൃഗങ്ങളും കൊല്ലപ്പെട്ടതായി യു.പി റിലീഫ് കമ്മീഷണർ രൺവീർ പ്രസാദ് പറഞ്ഞു.
ഉത്തർപ്രദേശിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. വളർത്തു മൃഗങ്ങൾ നഷ്ടപ്പെട്ടവർക്കും നഷ്ടപരിഹാരം നൽകുമെന്ന് യു.പി സർക്കാർ അറിയിച്ചു.
രാജസ്ഥാനിൽ മിന്നലേറ്റ് വിവിധ സ്ഥലങ്ങളിലായി 20 പേരാണ് മരിച്ചത്. ഇതിൽ പതിനൊന്നുപേർ ജയ്പൂരിൽ ഒരു കൊട്ടാരത്തിലെ വാച്ച് ടവറിൽ സെൽഫി എടുക്കുന്നതിനിടെയാണ് മരിച്ചത്. ധോൽപൂർ, കോട്ട, ഝലാവർ എന്നിവിടങ്ങളാണ് ബാക്കി മരണങ്ങൾ. മധ്യപ്രദേശിൽ മിന്നലേറ്റ് ഏഴ് പേർ മരിച്ചു. രണ്ട് ശിയോപൂർ, ഗ്വാളിയോർ, ശിവപുരി, അനുപ്പൂർ, ബേതുൾ എന്നിവിടങ്ങളിലാണ് അപകടമരണങ്ങൾ ഉണ്ടായത്.
ഇടിമിന്നലേറ്റ് വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായ അപകട മരണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുഖം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ആശ്വാസ നിധിയിൽനിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50,000 രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു. രാജസ്ഥാനിൽ മിന്നലേറ്റ് മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.






