Sorry, you need to enable JavaScript to visit this website.

പദവി എടുത്തുകളഞ്ഞത് മോഡി സര്‍ക്കാരിന് കശ്മീരിനെ കൊള്ളയടിക്കാന്‍-മെഹബൂബ മുഫ്തി

ശ്രീനഗര്‍- മോഡി സര്‍ക്കാരിന് കശ്മീരിനെ കൊള്ളയടിക്കാനാണ് സംസ്ഥാനത്തിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.  ജമ്മുകശ്മീരിലെ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് പുറത്താക്കിയ നടപടിയേയും മെഹബൂബ രൂക്ഷമായി വിമര്‍ശിച്ചു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370, 35 (എ) അനുച്ഛേദങ്ങള്‍ ഏതെങ്കിലും വിദേശരാഷ്ട്രം അനുവദിച്ചുതന്നതല്ല. ഭരണഘടന ഈ പ്രത്യേക പദവി നല്‍കുന്നതിനു മുമ്പുതന്നെ ജമ്മുകശ്മീരിലെ ജനതയുടെ സ്വത്വം സംരക്ഷിക്കാന്‍ രാജാവ് കൊണ്ടുവന്ന നിയമങ്ങളാണിത്. ഇന്ത്യയുടെ ഭാഗമാകാന്‍ തീരുമാനിച്ചപ്പോള്‍  ഈ നിയമങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം വാദിച്ചിരുന്നു-  മെബബൂബ മുഫ്തി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചെനാബ് വാലി വൈദ്യുത പദ്ധതിയില്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഉന്നത പദവികള്‍ നല്‍കുന്നു. ഞങ്ങളുടെ വെള്ളവും വൈദ്യുതിയും കടത്തിക്കൊണ്ടുപോകുന്നു. ഞങ്ങളുടെ ഗതാഗത സംവിധാനം താറുമാറായി. ജമ്മു കശ്മീരിനെ കൊള്ളയടിക്കുക എന്ന ലക്ഷ്യമാണ് 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നിലുള്ളത് എന്നാണ് കരുതേണ്ടത്- അവര്‍ ആരോപിച്ചു.  

തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ദ്ധിക്കുന്നു. ജമ്മുകശ്മീര്‍ പിന്നോക്കം നില്‍ക്കുന്നുവെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ പല കാര്യങ്ങളിലും ഞങ്ങള്‍ മുന്‍പന്തിയിലാണ്. സമ്പദ് വ്യവസ്ഥയ്ക്കുമേലുള്ള മോഡി സര്‍ക്കാരിന്റെ കടന്നാക്രമണം തുടരുകയാണെങ്കില്‍ പട്ടിണിയുടെ കാര്യത്തില്‍ ഞങ്ങളുടെ സ്ഥിതി ഗുജറാത്തിനേക്കാള്‍ മോശമാകും- മെഹ്ബൂബ പറഞ്ഞു.

 

Latest News