Sorry, you need to enable JavaScript to visit this website.

കാലവർഷം ദുർബലമായത് കാർഷികോൽപാദനത്തെ ബാധിക്കും

രാജ്യത്ത് ഇക്കുറി കാലവർഷം ദുർബലമായത് കാഷികോൽപാദനത്തെ ബാധിക്കും, വിലക്കയറ്റവും പണപ്പെരുപ്പവും തല ഉയർത്താം. ഖാരീഫ് വിളവിൽ കുറവുണ്ടാവാൻ കാലവർഷ ദുർബലത ഇടയാക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. രാജ്യത്തെ ഏഴുപത് ശതമാനം കർഷകരും മഴ ആശ്രയിച്ചാണ് വിള ഇറക്കുന്നത്. കാലവർഷം ജൂണിൽ ദുർബലമായത് ധാന്യങ്ങൾ, പയർ വർഗങ്ങൾ, എണ്ണക്കുരു ഉൽപാദനത്തെ ബാധിക്കും. ഉൽപാദനം പത്ത് ശതമാനം ചുരുങ്ങുമെന്നാണ് ആദ്യ വിലയിരുത്തൽ. എന്നാൽ കരിമ്പ് കൃഷിയെ കാലാവസ്ഥ സ്വാധീനിക്കാഞ്ഞതിനാൽ പഞ്ചസാര ഉൽപാദനം ഉയരാം. വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ കൃഷിയെ മഴയുടെ അഭാവം കാര്യമായി ബാധിച്ചു. മഴ കുറഞ്ഞതിനാൽ ഇക്കുറി ഏകദേശം 500 ലക്ഷം ഹെക്ടറിൽ മാത്രമേ കൃഷി ഇറക്കിയുള്ളു കഴിഞ്ഞ വർഷം 558 ലക്ഷം ഹെക്ടറിൽ വിത്ത് ഇറക്കിയിരുന്നു. ഉൽപ്പാദനം കുറഞ്ഞാൽ അത് വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനും ഇടയാക്കും, ഇത് സാമ്പത്തിക വളർച്ച മുരടിക്കാനും  കാരണമാവും. ഇതിനിടയിൽ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ വാരാന്ത്യം സജീവമായി.   


ആഭ്യന്തര ഡിമാന്റിന്റെ മികവിലാണ്  കുരുമുളക്. ഫെബ്രുവരിയിൽ കിലോ 352 രൂപയിൽ മുളക് വ്യാപാരം നടന്ന സന്ദർഭത്തിൽ സൂചിപ്പിച്ചതാണ് മുളക് വില 420 ലേയ്ക്ക് ഉയരുമെന്നത്. ഈ കടമ്പ അടുത്ത ദിവസങ്ങളിൽ മറികടന്നാൽ 465-520 രൂപയെ ലക്ഷ്യമാക്കിയാവും കുരുമുളക് നീങ്ങുക. പ്രതികൂല കാലാവസ്ഥയിൽ ഉൽപാദനം കുറവായതിനാൽ വിപണിയുടെ അടിയൊഴുക്ക് ശക്തമാണ്. ഉത്സവ വേളയിലെ ആവശ്യങ്ങൾക്കുള്ള മുളക് സംഭരണം പുരോഗമിക്കുന്നു. കാർഷിക മേഖല കേന്ദ്രീകരിച്ച് അന്തർസംസ്ഥാന വ്യാപാരികൾ ചരക്ക് സംഭരിക്കുന്നു. ഇതിനിടയിൽ രൂപയുടെ മൂല്യം ദുർബലമായതോടെ വ്യവസായികൾ വിദേശ മുളക് ഇറക്കുമതിയിൽ നിന്ന് പിൻവലിഞ്ഞത് കർഷകർക്ക് ആശ്വാസമെങ്കിലും ശ്രീലങ്കൻ വരവ് ഭീഷണിയാണ്.  ആഗോള വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5620 ഡോളറാണ്. വിയറ്റ്‌നാം 3900 ഡോളറിനും ബ്രസീൽ 4000 ഡോളറിനും ഇന്തോനേഷ്യ 3800 ഡോളറിനും മലേഷ്യ 5000 ഡോളറിനും ക്വട്ടേഷൻ ഇറക്കി. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 42,000 രൂപ. 


ജാതിക്ക ഇറക്കാൻ കാർഷിക മേഖല ഉത്സാഹിച്ചു. എന്നാൽ അവരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉൽപ്പന്ന വില പല വിപണികളിലും ഉയർന്നില്ല. ഔഷധ വ്യവസായികളും കയറ്റുമതിക്കാരും ജാതിക്കയിൽ താൽപര്യം നിലനിർത്തി. അറബ് രാജ്യങ്ങളിൽ നിന്നും ആവശ്യക്കാരുണ്ട്. കൊച്ചിയിൽ ജാതിക്ക തൊണ്ടൻ 200-240 രൂപ, തൊണ്ടില്ലാത്ത് 450-480, ജാതിപത്രി 1000-1100 രൂപ, ജാതിഫളവർ ചുമപ്പ് 1300-1450 രൂപ, മഞ്ഞ 1500-1650 രൂപയിലുമാണ്. ചുക്ക് വില സ്റ്റെഡി. കൊച്ചിയിൽ മീഡിയം ചുക്ക് 16,500 രൂപയിലും ബെസ്റ്റ് ചുക്ക് 17,500 രൂപയിലും വിപണനം നടന്നു. ആഭ്യന്തര വ്യാപാരികൾ മഴക്കാല ആവശ്യങ്ങൾ മുന്നിൽ കണ്ട് ചുക്കിൽ താൽപര്യം കാണിച്ചു. 


നാളികേരോൽപ്പന്നങ്ങൾക്ക് തളർച്ച. തമിഴ്‌നാട്ടിലെ വൻകിട മില്ലുകാർ കൊപ്ര സംഭരണം കുറച്ചത് വിപണിയെ പ്രതിസന്ധിലാക്കി. കാങ്കയത്ത് കൊപ്ര വില 10,400 ൽ നിന്ന് 10,000 ലേയ്ക്ക് ഇടിഞ്ഞു. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി നിയന്ത്രിച്ചില്ലെങ്കിൽ എണ്ണ കുരു കർഷകർ സാമ്പത്തിക പ്രതിസന്ധിലാവും. കൊച്ചിയിൽ വെളിച്ചെണ്ണ 17,100 ൽ നിന്ന് 16,600 രൂപയായി. കൊപ്രയ്ക്ക് 600 രൂപ ഇടിഞ്ഞ് 10,100 രൂപയായി. 


ഏഷ്യൻ റബർ മാർക്കറ്റിലെ വില തകർച്ച തുടരുകയണെങ്കിലും ആഭ്യന്തര വിപണി പോയവാരം തളർച്ചയെ അതിജിവിച്ചു. മുൻവാരം സൂചിപ്പിച്ച പോലെ തന്നെ ഉയർന്ന അളവിൽ കച്ചവടങ്ങൾ നടന്നതിനാൽ കോട്ടയത്ത് നാലാം ഗ്രേഡ് 16,600 ൽ നിന്ന് 16,700 ലേയ്ക്ക് കയറി. ഇതിന്റെ ചുവട് പിടിച്ച് കൊച്ചിയിൽ വില 16,500 ൽ നിന്ന് 16,700 രൂപയായി. അഞ്ചാം ഗ്രേഡ് 16,000-16,400 രൂപയിലാണ്. ബാങ്കോക്കിൽ റബർ വില 14,125 ൽ നിന്ന് 13,673 രൂപയായി ഇടിഞ്ഞു. മികച്ച കാലാവസ്ഥയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും റബർ ടാപ്പിങ് പുരോഗമിക്കുന്നു. ജൂണിൽ ആഗോള റബർ ഉൽപാദനം മെയ് അപേക്ഷിച്ച് 8.8 ശതമാനം ഉയർന്നു. കേരളത്തിൽ സ്വർണം പവന് 35,440 രൂപയിൽ നിന്ന് 35,800 രൂപയായി. ഗ്രാമിന് വില 4475 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1870 ഡോളർ. 


 

Latest News