റിയാദ്- സൌദി അറേബ്യയില്‍ യെമനുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ പ്രവിശ്യയായ നജ്റാനുനേരെ തൊടുത്ത ബാലിസ്റ്റിക്ക് മിസൈല്‍ സൌദി പ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തകർത്തു.
പ്രത്യേക സൈനിക ക്യാമ്പുകള്‍ ലക്ഷ്യമിട്ടാണ് മിസൈല്‍ തൊടുത്തതെന്ന് യെമനിലെ ഹൂത്തി വിമതർ അവകാശപ്പെട്ടു. ഖാഹർ 2 എം മിസൈലാണ് ഉപയോഗിച്ചതെന്നും ഹൂത്തികള്‍ പറഞ്ഞു.
നജ്റാന്‍ പട്ടണത്തില്‍ ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന മേഖലയിലേക്കാണ് ഹൂത്തികള്‍ മിസൈല്‍ അയച്ചതെന്ന് സഖ്യസേനാ വക്താവ് കേണല്‍ അല്‍ മാലിക്കി സ്ഥിരീകരിച്ചു. മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുമുമ്പ് ആകാശത്തുവെച്ചു തന്നെ നിർവീര്യമാക്കിയെന്നും ആളപായമോ നാശനഷ്ടമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍റെ സൈനിക സഹായം ലഭിക്കുന്ന ഹൂത്തികള്‍ സൌദിക്കു നേരെ മിസൈല്‍ ആക്രമണം ആവർത്തിക്കുകയാണ്. കഴിഞ്ഞ മാസം തലസ്ഥാനമായ റിയാദില്‍ അല്‍യെമാമ കൊട്ടാരം ലക്ഷ്യിട്ട് അയച്ച മിസൈലും ആകാശത്തുവെച്ച് നിർവീര്യമാക്കിയിരുന്നു.