അഭയക്കേസിലെ പ്രതികൾക്ക് പരോൾ, സർക്കാറിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി- അഭയ കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. നിയമവിരുദ്ധമായി പരോൾ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിൽ സംസ്ഥാന സർക്കാർ, ജയിൽ ഡി.ജി.പി., സിസ്റ്റർ സെഫി, ഫാ.കോട്ടൂർ എന്നിവർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

കഴിഞ്ഞ മെയ് 11നാണ് ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും 90 ദിവസം പരോൾ അനുവദിച്ചിരുന്നത്. സി.ബി.ഐ. കോടതി ശിക്ഷിച്ച് അഞ്ചുമാസം തികയും മുമ്പ് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് ജോമോൻ പുത്തൻപുരക്കൽ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, സിയാദ് റഹ്മാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. പരോൾ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റിയാണെന്നായിരുന്നു ജയിൽ ഡി.ജി.പിയുടെ വിശദീകരണം. ഇത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി. 
സിസ്റ്റർ അഭയ കൊല്ലപ്പെട്ടതാണെന്നും പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്നും തിരുവനന്തപുരം സി.ബി.ഐ. കോടതി കഴിഞ്ഞ ഡിസംബറിൽ വിധി പുറപ്പെടുവിച്ചിരുന്നു. കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വന്നത്.
 

Latest News