പെട്രോള്‍, ഡീസല്‍ വിലയില്‍ ജനങ്ങള്‍ക്ക് അസ്വസ്ഥതയെന്ന് ഗഡ്കരി

നാഗ്പുര്‍- പെട്രോള്‍, ഡീസല്‍ വില വര്‍ധന ജനങ്ങള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എല്‍.എന്‍.ജി, സി.എന്‍.ജി, എഥനോള്‍ തുടങ്ങിയ ഇതര ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് കുതിച്ചുയരുന്ന പെട്രോള്‍ വിലയില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആദ്യ വാണിജ്യ ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി) ഫില്ലിംഗ് സ്റ്റേഷന്‍ നാഗ്പൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെട്രോളിനെ അപേക്ഷിച്ച് കലോറി മൂല്യം കുറവാണെങ്കിലും എഥനോള്‍ വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്നത് ലിറ്ററിന് 20 രൂപയെങ്കിലും ലാഭിക്കാന്‍ സാധിക്കും. ഫ്ളെക്സ് ഫ്യൂവല്‍ എന്‍ജിനുകള്‍ക്കായി സര്‍ക്കാര്‍ ഒരു നയം ഉടന്‍ പ്രഖ്യാപിക്കും. ഒന്നില്‍ കൂടുതല്‍ ഇന്ധനങ്ങളും ഇന്ധന മിശ്രിതവും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന എന്‍ജിനുകള്‍ ഉത്പാദിപ്പിക്കാന്‍ വാഹന നിര്‍മാതാക്കളെ ഈ നയം പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശീയ ഇന്ധനങ്ങളായ എഥനോള്‍, മെഥനോള്‍, ബയോ-സി.എന്‍.ജി എന്നിവ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണക്ക് കടുത്ത മത്സരം സൃഷ്ടിക്കും. ഉപയോക്താക്കള്‍ക്ക് മെച്ചം കിട്ടുന്ന ഒരേയൊരു മാര്‍ഗം ഇതാണെന്നും ഗഡ്കരി വ്യക്തമാക്കി.
പെട്രോളിയം, പ്രകൃതിവാതക മേഖല സ്വകാര്യവത്കരിക്കണമെന്ന് താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News