യു.പിയില്‍ സ്‌ഫോടനത്തിന് നീക്കം, രണ്ട് പേര്‍ എ.ടി.എസ് പിടിയില്‍

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ വന്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ട രണ്ട് ഭീകരര്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എ.ടി.എസ്) പിടിയില്‍. ലഖ്നൗ സ്വദേശികളായ മിന്‍ഹാജ് അഹമ്മദ്, നസിറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.

ലഖ്നൗ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ സ്ഫോടനം നടത്താനായിരുന്നു സംഘത്തിന്റെ ഉദ്ദേശമെന്ന് ലഖ്നൗ പോലീസ് പറഞ്ഞു. ചാവേര്‍ സ്ഫോടനവും സംഘം പദ്ധതിയിട്ടിരുന്നുവെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. പിടിയിലായവര്‍ അല്‍ ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് (എ ജി എച്ച്) ഭീകരസംഘടനയില്‍ ഉള്‍പ്പെടുന്നവരാണെന്ന് ഉത്തര്‍പ്രദേശ് പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.

കക്കോരിയിലെ ദബ്ബാഗ പ്രദേശത്തെ ഒരു വീട്ടില്‍നിന്നാണ് എ.ടി.എസ് ഐ.ജി ജി.കെ ഗോസ്വാമിയുടെ നേതൃത്വത്തില്‍ ഭീകരരെ പിടികൂടിയത്. രഹസ്യവിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇവരില്‍ നിന്ന് രണ്ട് പ്രഷര്‍ കുക്കര്‍ ബോംബും ഏഴ് കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കളുടെ ശേഖരവും പിടിച്ചെടുത്തു. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

 

Latest News