Sorry, you need to enable JavaScript to visit this website.

സൗദിയില്‍ അഴിമതിക്ക് കഴിഞ്ഞ മാസം പിടിയിലായത് 298 പേര്‍, അറസ്റ്റിലായവരില്‍ വിദേശികളും

റിയാദ്- സൗദിയില്‍ കഴിഞ്ഞ മാസം അഴിമതി വിരുദ്ധ അതോറിറ്റി നടത്തിയ റെയ്ഡുകളില്‍ പിടിയിലായത് സ്വദേശികളും വിദേശികളുമടക്കം 298 പേര്‍. ദുല്‍ ഖഅദ് മാസം ആരംഭിച്ച ശേഷം 999 പരാതികളുമായി ബന്ധപ്പെട്ട് 340 റെയ്ഡുകളാണ്  കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ അതോറിറ്റി നടത്തിയത്.
പ്രതിരോധം, ആഭ്യന്തരം, ആരോഗ്യം, നീതിന്യായം, മുനിസിപ്പല്‍-ഗ്രാമകാര്യം, ഹൗസിംഗ്, വിദ്യാഭ്യാസം, സാമൂഹി വികസനം, ഇസ്ലാമിക കാര്യം-കാള്‍ ആന്റ് ഗൈഡന്‍സ് തുടങ്ങിയ മന്ത്രാലയങ്ങളിലെ ജീവനക്കാര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ഇവരെ വിചാരണക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.
അഴിമതി സംശയിക്കുന്ന സാമ്പത്തിക, ഭരണകാര്യ നടപടികളെ കുറിച്ച് ടോള്‍ ഫ്രീ നമ്പറായി 980 ലോ 980 @nazaha.gov.sa  എന്ന ഇമെയിലിലോ 0114420057 എന്ന ഫാക്‌സ് നമ്പറിലോ അറിയിക്കണമെന്ന് അഴിമതി നിരോധ അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.


അഴിമതികളെ കുറിച്ച് വിവരം നല്‍കുന്നവരെ സംരക്ഷിക്കുമെന്ന് കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ അതോറിറ്റി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിയെ കുറിച്ച് വിവരം നല്‍കുന്നതിന്റെ പേരില്‍ ജോലിയിലോ മറ്റു ആനുകൂല്യങ്ങളിലോ ഇവര്‍ക്ക് ഒരുവിധ കോട്ടവും സംഭവിക്കാതെ നോക്കും. മുഴുവന്‍ അഴിമതി കേസ് പ്രതികള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. അഴിമതി വിരുദ്ധ പോരാട്ട മേഖലയില്‍ ലോകത്തെ മുന്‍നിര രാജ്യമായി മാറുന്നതിനാണ് സൗദി ഭരണാധികാരികള്‍ ആഗ്രഹിക്കുന്നത്.

അഴിമതി വിരുദ്ധ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഏജന്‍സികളായ കണ്‍ട്രോള്‍ ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ്, അഡ്മിനിസ്‌ട്രേറ്റീവ് ഇന്‍വെസ്റ്റിഗേഷന്‍, ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍ എന്നിവയെ ലയിപ്പിച്ചാണ് കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ അതോറിറ്റി എന്ന പേരില്‍ പുതിയ ഏജന്‍സി സ്ഥാപിച്ചത്.

 

Latest News