Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പട്ടികജാതി ഫണ്ട് ഡി.വൈ.എഫ്.ഐ നേതാവ് തട്ടിയെന്ന് പരാതി, നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം- പട്ടികജാതിക്കാര്‍ക്കുളള ക്ഷേമഫണ്ട് പട്ടികജാതിക്കാരല്ലാത്ത സി.പി.എം നേതാക്കള്‍ തട്ടിയെടുക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമിതി അംഗം പ്രതില്‍ കൃഷ്ണക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭയിലെ എസ്.സി പ്രമോട്ടറായ ചെറുപ്പക്കാരനെ സ്വാധീനിച്ചാണ് തിരുവനന്തപുരം ജില്ലയില്‍ ഡി.വൈ.എഫ്.ഐ നേതാവ് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്കും അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും അക്കൗണ്ടിലേക്കും ലക്ഷക്കണക്കിന് രൂപ ഫണ്ട് വകമാറ്റിയത്. സമാനമായ രീതിയില്‍ നിരവധി സി.പി.എം നേതാക്കളുടെ അക്കൗണ്ടിലേക്കും പണം വരുന്നുണ്ട്. തിരുവനന്തപുരം നഗരസഭയില്‍ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്ത് ആയിരക്കണക്കിന് കോടി രൂപയാണ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ആ പണം യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുകൊണ്ട് സി.പി.എം നേതാക്കള്‍ തട്ടിയെടുക്കുകയാണ്. കേരളത്തിലെ പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും പഠനാവശ്യത്തിനും വിവാഹാവശ്യത്തിനും ചെലവഴിക്കേണ്ട തുക പട്ടികജാതിക്കാരല്ലാത്ത സി.പി.എം നേതാക്കള്‍ക്ക് ലഭിക്കുന്നു. ഇത് കേരളത്തില്‍ മാത്രമാണ് നടക്കുന്നത്. തിരുവനന്തപുരം നഗരസഭയിലെ ഒരു തട്ടിപ്പ് മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഈ തട്ടിപ്പ് സംസ്ഥാനമെങ്ങും നടന്നതായാണ് സൂചനയെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പട്ടിക വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ ഫണ്ട് തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട ഉടനെ ഈ കാര്യത്തില്‍ നടപടി സ്വീകരിച്ചതായി പട്ടികജാതി-പട്ടിക വര്‍ഗ്ഗക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഈ വിഷയം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരിക മാത്രമല്ല വിശദമായ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടവര്‍ ജയിലിലാണ്.

നടപടികള്‍ നേരത്തെ ആരംഭിച്ചു കഴിഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമല്ല എത്ര ഉന്നതരായാലും തട്ടിപ്പുനടത്തിയവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. ഈ കാര്യത്തില്‍ ഗൗരവമായ നടപടികള്‍ ഉണ്ടാവും. ശ്രദ്ധയില്‍പ്പെട്ട സമയത്ത് നടപടി അന്ന് സ്വീകരിച്ചതിനാലാണ് അന്വേഷണവും അറസ്റ്റും റിമാന്‍ഡുള്‍പ്പടെ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

 

Latest News