റിയാദ് - ഇഖാമ കൈവശം വെക്കാതെ പുറത്തിറങ്ങി നടന്ന് പിടിയിലാകുന്നവർക്ക് 3000 റിയാൽ വരെ പിഴയും തടവും ശിക്ഷ ലഭിക്കുമെന്ന് ജവാസാത്ത് വക്താവ് ലെഫ്. കേണൽ ത്വലാൽ അൽശൽഹോബ് വ്യക്തമാക്കി. ഇഖാമ, തൊഴിൽ നിയമലംഘകരെ പിടികൂടുന്നതിന് നടത്തുന്ന കാമ്പയിനെ കുറിച്ച് അറിയിക്കുന്നതിന് പ്രിൻസസ് നൂറ യൂനിവേഴ്‌സിറ്റിക്കു കീഴിലെ കിംഗ് അബ്ദുല്ല ആശുപത്രി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവധി തീർന്ന ഇഖാമയുമായി നടന്ന് പിടിയിലാകുന്നവർക്ക് ആദ്യ തവണ 500 റിയാലാണ് പിഴ ചുമത്തുക. നിയമലംഘനം ആവർത്തിക്കുന്നവർക്ക് ആയിരം റിയാൽ പിഴ ചുമത്തും. മൂന്നാം തവണയും ഇതേ നിയമ ലംഘനം നടത്തി കുടുങ്ങുന്നവരെ ആയിരം റിയാൽ പിഴ ചുമത്തി നാടുകടത്തും. ഇത് മൂവായിരം റിയാൽ വരെയാക്കാം. ഇഖാമ, തൊഴിൽ നിയമ ലംഘകരെ പിടികൂടുന്ന ചുമതല ജവാസാത്തിനില്ല. മറ്റു സുരക്ഷാ വകുപ്പുകൾ പിടികൂടുന്ന നിയമ ലംഘകരുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുകയും അവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുകയുമാണ് ജവാസാത്തിന്റെ ചുമതല.
സുരക്ഷാ വകുപ്പുകളുടെ പിടിയിലാകുന്ന നിയമലംഘകരെ കുറ്റകൃത്യങ്ങളിലെ പ്രതികളാണോയെന്നും മറ്റും പരിശോധിച്ച് തരംതിരിച്ച ശേഷം വിരലടയാളങ്ങൾ രജിസ്റ്റർ ചെയ്യുകയാണ് ആദ്യത്തെ നടപടി. ഇതിനു ശേഷം ജവാസാത്തിനു കീഴിലെ അന്വേഷണ വിഭാഗത്തിന് നിയമ ലംഘകരെ കൈമാറും. നിയമ ലംഘകർക്കുള്ള ശിക്ഷകൾ പ്രഖ്യാപിക്കുന്നതിന് അവരെ പിന്നീട് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾക്ക് കൈമാറും. ഇതിനു ശേഷം എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും യാത്രാ രേഖകൾ ശരിയാക്കുന്നതിന് യാത്രാ വിഭാഗത്തിനും കൈമാറി എക്‌സിറ്റ് വിസ അനുവദിക്കും. ഏറ്റവും അവസാനമാണ് ടിക്കറ്റ് ബുക്കിംഗ് നടപടികൾ പൂർത്തിയാക്കുക. ഇതിനുശേഷം നാടുകടത്തുന്നതിന് ഡീപോർട്ടേഷൻ സെന്ററുകളിൽ നിന്ന് എയർപോർട്ടുകൾ അടക്കമുള്ള അതിർത്തി പ്രവേശന കവാടങ്ങളിൽ നേരിട്ട് എത്തിക്കുകയാണ് ചെയ്യുക.
ഏറ്റവും ഒടുവിൽ നടത്തിയ നിയമ ലംഘനത്തെ കുറിച്ചു മാത്രമല്ല, സൗദിയിൽ പ്രവേശിച്ച ശേഷം നടത്തിയ മുഴുവൻ നിയമ ലംഘനങ്ങളെ കുറിച്ചും നിയമലംഘകരെ ചോദ്യം ചെയ്യുകയും നിയമ ലംഘനം നടത്തുന്നതിന് മുൻകാലങ്ങളിൽ അവരെ സഹായിച്ചവരെ തിരിച്ചറിയുകയും ചെയ്യും. നിയമ ലംഘകർ ഗവൺമെന്റിനു മാത്രമല്ല തലവേദന സൃഷ്ടിക്കുന്നത്. സൗദി പൗരന്മാർക്കും നിയമാനുസൃതം രാജ്യത്ത് കഴിയുന്ന വിദേശികൾക്കും നിയമ ലംഘകരുടെ സാന്നിധ്യം ആരോഗ്യ, സാമൂഹിക, സുരക്ഷാ തലങ്ങളിൽ ഭീഷണിയാണ്. സുരക്ഷാ വകുപ്പുകളുടെ പിടിയിലാകുന്ന ഒരു നിയമ ലംഘകനെയും ശിക്ഷാ നടപടികൾ സ്വീകരിക്കാതെ വിട്ടയക്കില്ലെന്നും ജവാസാത്ത് വക്താവ് പറഞ്ഞു.






