ന്യൂദല്‍ഹി- രാത്രി വീടിനുള്ളില്‍ നിന്ന് പിടികൂടിയ മകളുടെ കാമുകനെ കൊന്ന് തെരുവില്‍ തള്ളിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദല്‍ഹി കരാവല്‍ നഗര്‍ സ്വദേശി സത്യവീര്‍ സിങ് (46) ആണ് അറസ്റ്റിലായത്. 17കാരിയായ മകള്‍ക്കൊപ്പം ബുധനാഴ്ച രാത്രിയാണ് 20കാരനായ കാമുകനെ സത്യവീര്‍ കണ്ടെത്തിയത്. ഇരുവരുടേയും ബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്ന സത്യവീര്‍ യുവാവിനെ പിടികൂടി കെട്ടിയിട്ട് മര്‍ദിക്കുകയും കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം ഒരു സുഹൃത്തിന്റെ സഹായത്തോടെ യുവാവിന്റെ മൃതദേഹം ഒരു കീലോമീറ്റര്‍ അപ്പുറത്തുള്ള ഒരു ജിമ്മിനു സമീപം ഉപേക്ഷിച്ചു. യുപിയിലെ ഭാഗ്പത് സ്വദേശി ദീപക് ആണ് കൊല്ലപ്പെട്ടത്.
ദേഹമാസകലം മുറിവുകളുമായി അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ജൂലൈ രണ്ടിന് ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ കരാവലില്‍ എത്തിയതായിരുന്നു ദീപക്. അയല്‍വാസിയായ പെണ്‍കുട്ടിയുമായി ദീപക് പ്രണയത്തിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ കാണാന്‍ യുവാവ് വീട്ടിലെത്തിയത്. എന്നാല്‍ അച്ഛന്റെ കണ്ണില്‍പ്പെടുകയായിരുന്നു. മകളേയും കാമുകനേയും ഒന്നിച്ചു കണ്ട സത്യവീര്‍ രോഷാകുലനായി യുവാവിനെ മര്‍ദിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്രിക, ബെല്‍റ്റ്, വടി എന്നിവ പോലീസ് കണ്ടെടുത്തു. മൃതദേഹം പുറത്തുകൊണ്ടു പോകാന്‍ സഹായിച്ച സത്യവീറിന്റെ ബന്ധു അനൂജ് ഒളിവിലാണ്.