തമിഴ്‌നാടിനെ വെട്ടിമുറിക്കാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍,  ലക്ഷ്യം ഡിഎംകെയെ തകര്‍ക്കുക

ചെന്നൈ- തമിഴ്‌നാടിനെ രണ്ടുസംസ്ഥാനമായി വിഭജിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. എ.ഐ.എ.ഡി.എം.കെ. ശക്തികേന്ദ്രമായ കൊങ്കുനാട് മേഖലയെ കേന്ദ്രഭരണപ്രദേശമാക്കാനാണ് നീക്കം നടത്തുന്നതെന്ന് ശനിയാഴ്ച തമിഴ് പത്രം വാര്‍ത്ത പുറത്തുവിട്ടതോടെ വിഷയം ട്വിറ്ററിലും ചര്‍ച്ചയായി മാറി. ഡി.എം.കെ. സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുക എന്നതാണ് ഇതിനു പിന്നിലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ നീക്കം ഭരണഘടനാപരമായി എളുപ്പമായിരിക്കില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അധികാരമേറ്റശേഷം കേന്ദ്ര സര്‍ക്കാരിനെ 'ഒന്‍ട്രിയ അരശ്' (യൂണിയന്‍ സര്‍ക്കാര്‍) എന്ന് വിളിക്കാന്‍ തുടങ്ങിയതുള്‍പ്പെടെ പല വിഷയങ്ങളിലും ഡി.എം.കെ. സര്‍ക്കാരുമായി ബി.ജെ.പി.ക്കു ഭിന്നതയുണ്ട്.
എ.ഐ.എ.ഡി.എം.കെ. കോട്ടയായി അറിയപ്പെടുന്ന മേഖലയാണ് കൊങ്കുനാട്. ഇവിടെ ബി.ജെ.പി.ക്കും നേരിയ സ്വാധീനമുണ്ടാക്കാനായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പി.യും സഖ്യത്തിലാണ്. കഴിഞ്ഞദിവസം കേന്ദ്രമന്ത്രിയായ എല്‍. മുരുഗനും പാര്‍ട്ടി നേതാവ് വാനതി ശ്രീനിവാസനും ബി.ജെ.പി. തമിഴ്‌നാട് അധ്യക്ഷനും കര്‍ണാടക മുന്‍ ഐ.പി.എസ്. ഓഫീസറുമായ കെ. അണ്ണാമലൈയും കൊങ്കുനാട്ടുകാരാണ്. മുരുഗനെ കൊങ്കുനാട് മേഖലയിലെ മന്ത്രി എന്നാണ് ബി.ജെ.പി. വിശേഷിപ്പിച്ചത്.
കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, നീലഗിരി, കരൂര്‍, കൃഷ്ണഗിരി എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന കൊങ്കുനാടിന് കീഴില്‍ നിലവില്‍ പത്തു ലോക്‌സഭ, 61 നിയമസഭ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങള്‍കൂടി ചേര്‍ത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കുകയാണ് ബി.ജെ.പി.യുടെ ലക്ഷ്യമെന്നു പറയുന്നു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുമുമ്പ് കൊങ്കുനാട് പ്രത്യേക സംസ്ഥാനമാക്കി മാറ്റാനാണ് സാധ്യതയെന്നും വാര്‍ത്തയിലുണ്ട്.
തമിഴ്‌നാട് വിഭജിക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രതിഷേധവും തലപൊക്കി. നീക്കത്തിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായപ്രകടനങ്ങള്‍ വന്നു. നീക്കത്തെ അനുകൂലിക്കുന്നവരും രംഗത്തുണ്ട്. തമിഴ്‌നാട്ടില്‍ നിലവില്‍ 234 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.
 

Latest News