Sorry, you need to enable JavaScript to visit this website.

ആര്യവൈദ്യശാലക്ക് പുതിയ മുഖം  നൽകിയ മാനേജിംഗ് ട്രസ്റ്റി

മലപ്പുറം- ഇന്ത്യയിൽ തന്നെ ആയുർവേദത്തിന്റെ മുഖമുദ്രകളിലൊന്നായ കോട്ടക്കൽ ആര്യവൈദ്യശാലയെ ഏറ്റവും കൂടുതൽ കാലം നയിച്ചത് പത്മശ്രീ ഡോ. പി.കെ.വാര്യരാണ്. 
വൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്‌നം പി.എസ് വാരിയർ 42 വർഷമാണ് ആ മഹൽസ്ഥാപത്തിന് നേതൃത്വം നൽകിയതെങ്കിൽ ഡോ. പി.കെ വാരിയർ അതിലേറെ കാലം നയിച്ചു. പാരമ്പര്യത്തിന്റെ മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ ചികിൽസാ രീതികൾക്ക് അധുനികതയുടെ മുഖം നൽകിയാണ് ഡോ. പി.കെ വാരിയരും കാലയവനികക്കുള്ളിൽ മറയുന്നത്. ആര്യവൈദ്യശാല പിറവിയെടുത്ത ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ നിന്നു തികച്ചും വിഭിന്നമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ. ശാസ്ത്രത്തിന്റെ ശക്തിയും വൈദ്യത്തിന്റെ തനിമയും സംരക്ഷിക്കാൻ നന്നേ പാടുപാട്ടു ഡോ. പി.കെ വാരിയർ. ആയുർവേദത്തിനു പി.കെ വാരിയരുടെ ഏറ്റവും വലിയ സംഭാവനയും അതു തന്നെയാണ്. മാനേജ്‌മെന്റ് സംബന്ധിച്ചു പി.കെ വാരിയർ പഠിച്ചതെല്ലാം അനുഭവങ്ങളിൽ നിന്നാണ്. 


ബാല്യത്തിൽ തന്നെ സ്വാതന്ത്ര്യ പ്രസ്ഥാനവുമായി ബന്ധപ്പെടാനും നാടിന്റെ നായകൻമാരായ ജയപ്രകാശ് നാരായണൻ, കെ.കേളപ്പൻ, എ.കെ.ജി, ഇ.എം.എസ്, പി.കൃഷ്ണപിള്ള എന്നിവരുമായി പരിചയപ്പെടാനും അദ്ദേഹത്തിനു അവസരം ലഭിച്ചു. ഒപ്പം സാധാരണക്കാരുടെ ജീവിതത്തെയും അദ്ദേഹം അടുത്തറിഞ്ഞു. തൊഴിലാളികളുടെ ജീവിതം, അവരുടെ പ്രശ്‌നങ്ങൾ എല്ലാം നേരിട്ട് മനസിലാക്കിയാണ് അദ്ദേഹം ആര്യവൈദ്യശാലയെ മുന്നോട്ടു നയിച്ചത്.
ആരുടെയും പ്രശ്‌നങ്ങൾ പഠിക്കാൻ എളുപ്പത്തിൽ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പരാതിയുമായി എത്തുന്നവരുടെ പ്രശ്‌നങ്ങൾ സാകൂതം കേട്ട് അവരിലൊരാളായിട്ടാണ് അദ്ദേഹം ഇടപെട്ടിരുന്നത്. തികച്ചും അപ്രതീക്ഷിതമായ സാഹചര്യങ്ങളിലാണ് 32-ാമത്തെ വയസിൽ ഡോ. പി.കെ വാരിയർ ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയായത്. മുതിർന്ന ട്രസ്റ്റ് ബോർഡ് അംഗങ്ങൾക്കിടയിൽ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ അദ്ദേഹത്തെയാണ് മാനേജിംഗ് ട്രസ്റ്റിയായി തെരഞ്ഞെടുത്തത്. പരിചയസമ്പന്നരായ അംഗങ്ങളുടെ അനുഭവങ്ങളിൽ നിന്ന് കേട്ടു പഠിച്ചും സ്വന്തം കഴിവുകളെ പ്രയോജനപ്പെടുത്തിയും അദ്ദേഹം ആര്യവൈദ്യശാലക്ക് വളർച്ചയുടെ പുതിയ പാത വെട്ടിതുറന്നു. 


തൊഴിലാളികളുടെ സമരം ഒരിക്കൽ ആര്യവൈദ്യശാലയുടെ പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുമെന്ന നില വന്നപ്പോൾ കർശനമായ നിലപാടാണ് പി.കെ വാരിയർ സ്വീകരിച്ചത്. രാഷ്ട്രീയക്കാരുടെയും ഭരണകർത്താക്കളുടെയും മുന്നിൽ പോലും അണുകിട വിട്ടുകൊടുക്കാൻ അദ്ദേഹം തയാറിയിരുന്നില്ല. എല്ലാ കാര്യങ്ങളും സുതാര്യമായതു കൊണ്ടാണ് ഉറച്ച നിലപാടെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നത്. ഗാന്ധിജിയുടെ ട്രസ്റ്റ്ഷിപ്പ് സിദ്ധാന്തത്തിന്റെ ഒന്നാന്തരം മാതൃകയാണ് കോട്ടക്കൽ ആര്യവൈദ്യ ശാലയെന്നു കേളപ്പജി അഭിപ്രായപ്പെട്ടിരുന്നു. ഒരു കാലത്തെ അവഗണിക്കപ്പെട്ടു കിടന്നിരുന്ന ആയുർവേദത്തെ ജനകീയമാക്കുന്നതിൽ ഡോ. പി.കെ.വാര്യർ വഹിച്ചത് വലിയ പങ്കാണ്. കേരളത്തിന്റെ നവോത്ഥാനത്തിനും ഈ സ്ഥാപനം നൽകിയ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണ്. മതാതീതമായ മാനവികതയിലൂടെയാണ് ആര്യവൈദ്യശാലയെ ഡോ. പി.കെ.വാര്യർ വളർത്തിയത്. കലകളുടെ പുനരുത്ഥാനത്തിനും ഒട്ടേറെ സംഭാവനകൾ നൽകി. നാടകത്തിനും കഥകളിക്കും ഏറെ പ്രോൽസാഹനം നൽകിയ സ്ഥാപനം കൂടിയാണിത്. ആയുർവേദ ചികിത്സാ ശാഖക്കു മാന്യതയും സ്വീകാര്യതയും നേടിക്കൊടുക്കാൻ കഴിഞ്ഞതു ഡോ. പി.കെ വാരിയരുടെ ദീർഘവീക്ഷണമായിരുന്നു. ആയുർവേദം പലരും ദുരുപയോഗപ്പെടുത്തുമ്പോൾ അതിന്റെ വിശ്വാസ്യത തകരാതിരിക്കാൻ അദ്ദേഹം ഏറെ പ്രയത്‌നിച്ചു. കാൻസർ ചികിത്സയിൽ നിരവധി പഠനങ്ങൾക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റുമായും കേന്ദ്ര ഗവൺമെന്റിന്റെ ശാസ്ത്രസാങ്കേതിക വകുപ്പുമായും ഗവേഷണ കൗൺസിലുമായും ചേർന്നു വിവിധ പാരമ്പര്യ ശാസ്ത്രങ്ങളെ ആധുനിക ശാസ്ത്ര രീതിയിൽ നിർവചിക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നുവരുന്നത്. 

 

Latest News