VIDEO കൂട്ടിപ്പിടിക്കാന്‍ ശ്രമിച്ചയാളെ മുഖത്തടിച്ചു; കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ വെട്ടില്‍

ബെംഗളൂരു- പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു നീങ്ങുന്നതിനിടെ പിറകിലൂടെ വന്ന് കൂട്ടിപ്പിടിക്കാന്‍ ശ്രമിച്ചയാളെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ മുഖത്തടിക്കുന്ന വിഡിയോ വൈറലായി. സമുഹ മാധ്യമങ്ങളില്‍ ഈ സംഭവം ഏറെ വിമര്‍ശനത്തിനിടയാക്കി. ബിജെപിയും ഇതേറ്റുപിടിച്ചു. ഉത്തരവാദിത്തം കാണിക്കൂ എന്നു പറഞ്ഞാണ് ഡി.കെ പാര്‍ട്ടി പ്രവര്‍ത്തകനെ തിരിഞ്ഞ് മുഖത്തടിച്ചത്. കൂടെ ഉണ്ടായിരുന്ന കാമറാമാനോട് ഈ ദൃശ്യം ഡിലീറ്റ് ചെയ്യാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. 

മാണ്ഡ്യയില്‍ രോഗബാധിതനായി കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ജി മാഡെഗൗഡയെ സന്ദര്‍ശിക്കാനായി പോകുന്നതിനിടെയാണ് സംഭവം. ഇത് ചൂണ്ടിക്കാട്ടി ബിജെപി ശിവകുമാറിനെതിരെ ശക്തമായി രംഗത്തെത്തി. 'പാര്‍ട്ടി പ്രവര്‍ത്തകനെ പാര്‍ട്ടി അധ്യക്ഷന്‍ പരസ്യമായി അടിച്ചിരിക്കുന്നു. ഒരു പാര്‍ട്ടി പ്രവര്‍ത്തകനോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ മറ്റുള്ളവരോട് എങ്ങനെ ആയിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളൂ. ഡികെഎസിന് രാഹുല്‍ ഗാന്ധി അക്രമത്തിനു ലൈസന്‍സ് നല്‍കിയിരിക്കുകയാണോ'- ബിജെപി ദേശീയ സെക്രട്ടറി സി ടി രവി പ്രതികരിച്ചു.

Latest News