ചെന്നൈ- വനിതാ കായികതാരത്തെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോച്ചിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍. ചെന്നൈ സ്പോര്‍ട്സ് അക്കാദമി തലവനായ പി. നാഗരാജിനെതിരേയാണ് ഏഴു പേര്‍ കൂടി പരാതിയുമായി രംഗത്തെത്തിയത്. ഇയാളുടെ കീഴില്‍ പരിശീലനം നേടിയതാണ് ഏഴു പെണ്‍കുട്ടികളും.
കായിക പരിശീലനത്തിനിടെ പരിക്കേല്‍ക്കുമ്പോള്‍ ഫിസിയോതെറാപ്പി ചികിത്സ നല്‍കുന്നുവെന്ന വ്യാജേന പീഡിപ്പിച്ചുവെന്നാണ് പരാതി. ഭാവിയെ ബാധിക്കുമെന്ന ഭയത്താല്‍ ഇതേക്കുറിച്ച് പുറത്തു പറയാന്‍ വിദ്യാര്‍ഥികള്‍ മടിക്കുകയായിരുന്നു. തന്റെ കീഴില്‍ പരിശീലനം നേടുന്നവര്‍ക്കു മാത്രമേ നാഗരാജ് വലിയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കാറുണ്ടായിരുന്നുള്ളു. ഈ സാഹചര്യം നാഗരാജന്‍ ചൂഷണം ചെയ്യുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ മെയിലാണ് 19 -കാരിയായ കായികതാരം നാഗരാജിനെതിരേ പരാതിയുമായി രംഗത്തുവന്നത്. തുടര്‍ന്ന് മെയ് 30 ന് ഇയാളെ അറസ്റ്റ് ചെയ്തു. പുതിയ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം തുടരുമെന്ന് പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി.