തെഹ്‌റാന്‍- ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന പുതിയ ഇറാന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് നിയുക്ത പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഇന്ത്യയെ ക്ഷണിച്ചു. ക്ഷണം ഇന്ത്യ സ്വീകരിച്ചു. ചടങ്ങില്‍ ആര് പങ്കെടുക്കുമെന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോർട്ട് ചെയ്യുന്നു. ഇറാനില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ അവരുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള അവസരമായാണ് ഈ ക്ഷണത്തെ കാണുന്നത്. റഷ്യയിലേക്കുള്ള യാത്രാ മധ്യേ ഇറാനില്‍ ഇറങ്ങിയ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ബുധനാഴ്ച തെഹ്‌റാനില്‍ റെയ്‌സിയെ സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ച ഊഷ്മളമായിരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആശംസകള്‍ ജയ്ശങ്കര്‍ റെയ്‌സിക്കു കൈമാറിയെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. നിയുക്ത പ്രസിഡന്റിനെ സന്ദര്‍ശിക്കുന്ന ആദ്യ വിദേശ പ്രതിനിധികളില്‍ ഒരാളാണ് ജയ്ശങ്കര്‍. ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫുമായും ജയ്ശങ്കര്‍ ചര്‍ച്ച നടത്തിയിരുന്നു. അഫ്ഗാനിലെ പുതിയ സാഹചര്യങ്ങളും ഗള്‍ഫ് മേഖലയിലെ വിഷയങ്ങളും ഇറാന്റെ ആണവ പദ്ധതിയെ കുറിച്ചുള്ള വിയന്ന ചര്‍ച്ചയുമാണ് ഇരുവരുടേയും കൂടിക്കാഴ്ചയില്‍ വിഷയമായത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചതിന്റെ രണ്ടാം വാര്‍ഷികം കൂടിയാണ് ഇറാന്‍ പ്രസിഡന്റ് അധികാരമേല്‍ക്കുന്ന ഓഗസ്റ്റ് അഞ്ച് എന്ന യാദൃശ്ചികതയുമുണ്ട്. ഇറാന്‍ കശ്മീര്‍ നീക്കത്തില്‍ പ്രതിഷേധിച്ച രാജ്യം കൂടിയാണ്.