കോവിഡ് കണക്കിലെടുക്കാതെ ഹിമാചലിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക്; ആശങ്കയെന്ന് മുഖ്യമന്ത്രി

ഷിംല- കോവിഡ് കണക്കിലെടുക്കാതെ വന്‍തോതില്‍  ഹിമാചല്‍ പ്രദേശിലേക്ക് ഒഴുകിയെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മുഖ്യമന്ത്രി ജയ്‌റാ ഠാക്കൂറിന്റെ മുന്നറിയിപ്പ്. കോവിഡ് അവസാനിച്ചിട്ടില്ലെന്നും എല്ലാവരും രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാരികളെ ഹിമാചല്‍ പ്രദേശ് സ്വാഗതം ചെയ്യുന്നു. അതേസമയം അവര്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കണ- മുഖ്യമന്ത്രി വ്യക്തമാക്കി. 

ടൂറിസം വ്യവസായത്തേയും രക്ഷിക്കേണ്ടതുണ്ട്. എല്ലാ ജില്ലാ അധികാരികളേയും ഉള്‍പ്പെടുത്തി വെര്‍ച്വല്‍ യോഗം ചേര്‍ന്നിരുന്നു. വിനോദ സഞ്ചാരികളെ നിരീക്ഷിക്കാനും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നത് നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് നടപടിക്രമങ്ങള്‍ പാലിക്കാന്‍ ഹോട്ടലുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് രണ്ടാം തരംഗം ഒതുങ്ങുകയും ഉത്തരേന്ത്യയില്‍ ചൂട് കൂടുകയും ചെയ്തതോടെ ജനപ്രിയ സുഖവാസ കേന്ദ്രങ്ങളിലൊന്നായ ഹിമാചല്‍ പ്രദേശിലേക്കും ഉത്തരാഖണ്ഡിലേക്കും വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. ഹരിദ്വാറില്‍ വെള്ളിയാഴ്ച നിരവധി സന്ദര്‍ശകരാണ് കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയത്. തങ്ങള്‍ക്ക് കോവിഡിനെ പേടിയില്ലെന്നു പറഞ്ഞ് നിരവധി ടൂറിസ്റ്റുകളാണ് കഴിഞ്ഞ ദിവസം ഹരിദ്വാറില്‍ ഗംഗയില്‍ കൂട്ടമായി കുളിക്കാനിറങ്ങിയത്. മൂന്നാം തരംഗം തുടങ്ങുന്നതിനു മുമ്പ് എത്തിയതിനാല്‍ ഭയമില്ലെന്നാണ് ഇവര്‍ പറയുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം ജയിലില്‍ നിന്നിറങ്ങിയ പ്രതീതിയാണെന്നും സന്ദര്‍ശകര്‍ പറയുന്നു.
 

Latest News