Sorry, you need to enable JavaScript to visit this website.

പുണ്യനഗരികളിൽ നാല് അത്യാധുനിക ആശുപത്രികൾ

പുണ്യനഗരികളിൽ ഹാജിമാർക്കായി സജ്ജമാക്കിയ ഒരു ആശുപത്രിയുടെ ഉൾവശം.

മക്ക- ഈ ഹജ് വേളയിൽ തീർഥാടകരുടെ ആരോഗ്യസുരക്ഷ മുൻനിർത്തി പുണ്യനഗരികളിൽ അത്യാധുനിക സൗകര്യത്തോടെ നാല് ആശുപത്രികൾ സ്ഥാപിച്ചതായി മക്ക ആരോഗ്യവകുപ്പ് മേധാവി ഹമദ് ഫൈഹാൻ അൽഉതൈബി അറിയിച്ചു. ജബലുർറഹ്മയിലും അറഫയുടെ കിഴക്കൻ ഭാഗത്തും മിനായിലുമാണ് ഇവയിൽ മൂന്നെണ്ണം സ്ഥിതി ചെയ്യുന്നത്. നാലാമത്തേത്, സഞ്ചരിക്കുന്ന ഫീൽഡ് ആശുപത്രിയാണ്. ഇതിനുപുറമെ, പുണ്യനഗരികളിൽ ആറ് ഹെൽത്ത് സെന്ററുകളും തുറന്നുപ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, സൂര്യാഘാതം ഏൽക്കുന്നത് തടയുന്നതിനായി 
ജബലുർഹ്മയിൽ 23, മിനാ അൽവാദിയിൽ 22 എന്നിങ്ങനെ 45 ക്വാർട്ടേഴ്‌സുകളും സജ്ജമാക്കിയിട്ടുണ്ട്. ജബലുർഹ്മ, മിനാ അൽവാദി ആശുപത്രികളിൽ 42 കെയർ ബെഡുകളും ഒരുക്കിയതായി ഹമദ് അൽഉതൈബി പറഞ്ഞു.  


ഈ ഹജ് വേളയിൽ തീർഥാടകരെ സഹായിക്കാൻ 32 മെഡിക്കൽ സംഘങ്ങളെയും 36 ആംബുലൻസുകളെയുമാണ് മക്ക ആരോഗ്യവകുപ്പ് നിയോഗിച്ചിരിക്കുന്നത്. ഇതിൽ 10 ടീം മക്കയിലെ ആശുപത്രികളിൽനിന്നും 22 ടീം പുണ്യസ്ഥലങ്ങളിലെ ആശുപത്രികളിൽനിന്നുമായിരിക്കുമെന്നും അദ്ദേഹം വിശദമാക്കി. തീർഥാടകരിൽ ആർക്കെങ്കിലും കോവിഡ് ലക്ഷണം പ്രകടമാകുന്ന പക്ഷം അവരെ ഉടൻതന്നെ ആശുപത്രികളിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങൡലേക്ക് മാറ്റും. കൂടാതെ, മക്കയിലും പുണ്യസ്ഥലങ്ങളിലും ഹാജിമാരുടെ ആരോഗ്യനില കൂടെക്കൂടെ പരിശോധിക്കും. ഹജിൽ ഉടനീളം കർശനമായ രീതിയിൽ കോവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കാനുള്ള എല്ലാ മുൻകരുതലുകളും ഇതിനോടകം ആരോഗ്യവിഭാഗം സ്വീകരിച്ചതായും ഹമദ് അൽഉതൈബി കൂട്ടിച്ചേർത്തു.

 

Latest News