Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂരിലെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും

കണ്ണൂർ - ജില്ലയിലെ വിവിധ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഇടപെടുമെന്ന് കണ്ണൂർ ഡവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) പ്രതിനിധിസംഘത്തിന് മന്ത്രിമാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും ഉറപ്പ്.      
പ്രഖ്യാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാകാത്ത പദ്ധതികളിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ ഓഫിസുകളിലെത്തി മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കണ്ട് നടത്തിയ ചർച്ചയിലാണ് കെ.ഡി.എഫ് പ്രതിനിധിസംഘത്തിന് ഉറപ്പു ലഭിച്ചത്.
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് അടിയന്തരമായി തുക അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഉറപ്പു നൽകി. ജില്ലാ ആശുപത്രി മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള നിർമാണം വേഗത്തിലാക്കാൻ നിർദേശം നൽകുമെന്നും നിർമാണ  പുരോഗതി വിലയിരുത്താൻ വൈകാതെ കണ്ണൂരിലെത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 
വീരമല, റാണിപുരം, കണ്ണവം തുടങ്ങി ഇക്കോടൂറിസം മേഖലയിൽ ജില്ലയുടെ സാധ്യത പ്രയോജനപ്പെടുത്തണമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രനോട് സംഘം ആവശ്യപ്പെട്ടു. 15ന് കണ്ണൂരിൽ എത്തുമെന്നും കണ്ണൂർ, കാസർകോട് ജില്ലാകലക്ടർമാരും ഉദ്യോഗസ്ഥരുമുള്ള യോഗം വിളിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിനോദസഞ്ചാര വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റ ഡോ. വി.വേണുവുമായും സംഘം ചർച്ച നടത്തി. കണ്ണൂർ ജില്ലയെ ഉത്തരവാദിത്ത ടൂറിസത്തിന്റെ കേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തു. കണ്ണൂരിൽ മലബാർ ട്രാവൽമാർട്ട് സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഡോ. വി.വേണു പറഞ്ഞു. കിയാൽ എം.ഡിയുടെ ചുമതലകൂടി വഹിക്കുന്നതിനാൽ കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട കാര്യങ്ങളും ശ്രദ്ധയിൽപ്പെടുത്തി. കിയാലിന്റെ ഭൂമിയിൽ സംരംഭകർക്ക് അവസരമൊരുക്കണമെന്നും വ്യവസ്ഥകൾ നിക്ഷേപ സൗഹൃദമാക്കണമെന്നും പ്രതിനിധിസംഘം ആവശ്യപ്പെട്ടു. കണ്ണൂരിലെ ഇ.എസ്.ഐ ആശുപത്രി വികസിപ്പിക്കണമെന്ന് തൊഴിൽമന്ത്രി വി. ശിവൻകുട്ടിയെക്കണ്ട് ആവശ്യപ്പെട്ടു. സ്‌കിൽ പാർക്ക് സ്ഥാപിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. ജില്ലയിൽ എത്തുമ്പോൾ ഇതിനുള്ള സാധ്യത പരിശോധിക്കുമെന്നു മന്ത്രി ഉറപ്പുനൽകി. വ്യവസായ പാർക്കുകൾക്ക് കൂടുതൽ ഭൂമി ലഭ്യമാക്കണമെന്നും ഫുഡ് പാർക്ക് തുടങ്ങണമെന്നും ഇലക്ട്രിക് വെഹിക്കിൾ പാർക്ക് സ്ഥാപിക്കണമെന്നും വ്യവസായമന്ത്രി പി. രാജീവിനോട് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി സംഘത്തെ അറിയിച്ചു. വിനോദസഞ്ചാരം, മരാമത്ത് വകുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതികൾ സംബന്ധിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസുമായും സംഘം ചർച്ച നടത്തി. ബീച്ച് ടൂറിസം, സിറ്റി റോഡ് നവീകരണ പദ്ധതി, വിമാനത്താവള റോഡുകൾ, കണ്ണൂർ ബൈപാസ് തുടങ്ങിയ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കൈത്തറി ഗ്രാമം സാധ്യമായില്ലെങ്കിൽ ക്രാഫ്റ്റ് വില്ലേജ് സ്ഥാപിക്കാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. 

മന്ത്രിമാർക്കു വിവിധ വിഷയങ്ങളിൽ നൽകിയ നിവേദനങ്ങളുടെ പകർപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനും കൈമാറി. സെന്റ് മൈക്കിൾസ് സ്‌കൂൾ മൈതാനം ഡിഎസ്സിയുടെ നേതൃത്വത്തിൽ വേലികെട്ടി അടച്ചത് ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കെ.കെ.രാഗേഷും ഉറപ്പുനൽകി.
കണ്ണൂർ ഡവലപ്‌മെന്റ് ഫോറം ചെയർമാൻ ഡോ.ജോസഫ് ബെനവൻ, കോ-ചെയർമാൻ സി.ജയചന്ദ്രൻ, ട്രഷറർ വിനോദ് നാരായണൻ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ഹനീഷ് കെ.വാണിയങ്കണ്ടി, മാനേജിങ് കമ്മിറ്റി അംഗം കെ.സുഭാഷ് ബാബു, ദിശ ജനറൽ സെക്രട്ടറി ടി.വി.മധുകുമാർ എന്നിവരായിരുന്നു പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.

 

Latest News