Sorry, you need to enable JavaScript to visit this website.

സർവകലാശാല പരീക്ഷകൾ ഓഫ്‌ലൈനായി നടത്തരുതെന്ന് വെൽഫെയർ പാർട്ടി

തിരുവനന്തപുരം- കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വിവിധ സർവകലാശാല  പരീക്ഷകൾ ഓഫ് ലൈനായി നടത്താനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ് ആവശ്യപ്പെട്ടു. മൂന്നാം തരംഗം ഗുരുതരമായി കേരളത്തെ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ നിലനിൽക്കുന്നതിനാൽ ഓഫ്‌ലൈൻ പരീക്ഷകൾ വിദ്യാർഥികൾക്ക് കൂടുതൽ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 
സംസ്ഥാനത്ത് തുടരുന്ന ലോക്ഡൗൺ പരിമിതികൾ, യാത്രാ നിയന്ത്രണങ്ങൾ, ഹോസ്റ്റലുകളുടെയും മറ്റ് അനുബന്ധ സൗകര്യങ്ങളുടെയും പരിമിതികൾ തുടങ്ങിയവ നിലനിൽക്കുമ്പോൾ സർവകലാശാലകൾ പരീക്ഷയുമായി മുന്നോട്ടു പോകാനുള്ള തീരുമാനം തികച്ചും അനുചിതമാണ്. 


വിദ്യാർഥികൾക്ക് വാക്‌സിനേഷൻ സൗകര്യം സമ്പൂർണമായി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഓഫ്‌ലൈൻ പരീക്ഷ എന്നത് രോഗവ്യാപന സാധ്യത വർധിപ്പിക്കുന്നതാണ്. 
ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് എത്തിച്ചേർന്ന് പരീക്ഷ എഴുതുന്നതിനുള്ള പ്രതിസന്ധിയും നിലനിൽക്കുന്നുണ്ട്. ഇതിനോടകം പല അധ്യാപകരും, വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും കോവിഡ് ബാധിതരാണ്. നിലവിൽ സർക്കാറിന് ലഭിക്കുന്ന പരിമിതമായ കണക്കുകൾ മാത്രം മുൻനിർത്തി വിദ്യാർഥിദ്രോഹ നടപടികളിലേക്ക് നീങ്ങുന്നത് കൂടുതൽ അപകടം സൃഷ്ടിക്കും. ഓൺലൈൻ പരീക്ഷ രീതിയെക്കുറിച്ച് വിദ്യാർഥി സമൂഹത്തിൽനിന്നു വലിയതോതിൽ ആവശ്യം ഉയർന്ന സാഹചര്യത്തിൽ പ്രസ്തുത രീതി പരിഗണിക്കാൻ സർക്കാർ തയാറാകണം. രാജ്യത്തെ വിവിധ സർവകലാശാലകളും യുജിസിയും ഓൺലൈൻ പരീക്ഷയുമായി മുന്നോട്ട് പോകുന്ന സന്ദർഭത്തിൽ സംസ്ഥാനത്തെ സർവകലാശാലകളിലെ പരീക്ഷകളുടെ കാര്യത്തിൽ പുനഃപരിശോധന നടത്താൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
 

Latest News