കോഴിക്കോട്- മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതപരിഷ്‌കരണ വാദികളോട് സലാം ചെല്ലുന്നത് സംബന്ധിച്ച് എ.പി വിഭാഗം സമസ്ത പാഠപുസ്തകത്തിൽ വന്ന പരാമർശം തിരുത്താൻ തീരുമാനം. അണികളിൽനിന്ന് വൻ പ്രതിഷേധം ഉയർന്ന സഹചര്യത്തിലാണ് തീരുമാനം. വിശുദ്ധ ഇസ്‌ലാമിന്റെ അടിസ്ഥാന ഘടകമായ വിശ്വാസത്തിൽ മാറ്റത്തിരുത്തലുകൾ വരുത്തിയ പുത്തൻവാദികളോടുള്ള സമസ്തയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് സമസ്ത പ്രസിഡണ്ട് ഇ. സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറ വ്യക്തമാക്കി.
വിശുദ്ധ മതത്തിന്റെ അടിസ്ഥാന വിശ്വാസ, കർമ്മങ്ങളിൽ പരിഷ്‌കരണവും കൈകടത്തലുകളും നടത്തുന്നവരുമായി പുലർത്തുന്ന സമീപനങ്ങളിലും നിലപാടുകളിലും സമസ്തക്കൊ കീഴ്ഘടകങ്ങൾക്കൊ യാതൊരു മാറ്റവും വന്നിട്ടില്ല.
സുന്നീ വിദ്യാഭ്യാസ ബോർഡിന് കീഴിൽ മൂന്നാം തരം മദ്‌റസയിലേക്ക് പുതുതായി തയ്യാറാക്കിയ പാഠപുസ്തകത്തിലെ തെറ്റുദ്ധാരണക്ക് വഴി വെക്കുന്ന ഭാഗം തിരുത്തി കാലമിതുവരെ തുടർന്നു വന്ന അതെ രീതിയിൽ പുന:സ്ഥാപിച്ചു നടത്താൻ തീരുമാനിച്ചു. ഇസ്‌ലാമിക കർമ്മശാസ്ത്ര സംബന്ധമായ പഠനങ്ങൾക്ക് വേണ്ടി മേഖലകൾ തോറും പണ്ഡിത സംഗമങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
ജനറൽ സെക്രട്ടറി കാന്തപുരം എ പി . അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ.പി.മുഹമ്മദ് മുസ്‌ലിയാർ, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ , അബ്ദു മുസ്‌ലിയാർ താനാളൂർ, വി. മൊയ്തീൻ കുട്ടി ബാഖവി, പി. ഹസൻ മുസ്‌ലിയാർ വെള്ളമുണ്ട പി.വി. മൊയ്തീൻ കുട്ടി മുസ്‌ലിയാർ, എം.വി. അബ്ദുറഹ്മാൻ മുസ്‌ലിയാർ, കെ.കെ. അഹ്മദ് കുട്ടി മുസ്‌ലിയാർ, അബൂ ഹനീഫൽ ഫൈസി, സി. മുഹമ്മദ് ഫൈസി, വി.പി.എം. ഫൈസി, ഐ.എം.കെ. ഫൈസി, എം.പി.അബ്ദുറഹ്മാൻ ഫൈസി, എച്ച്. ഇസ്സുദ്ധീൻ കാമിൽ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കാട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല , പി.എസ്.കെ. മൊയ്തു ബാഖവി , അബ്ദു നാസിർ അഹ്‌സനി ഒളവട്ടൂർ , അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ പി.അലവി സഖാഫി, ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. എ.പി മുഹമ്മദ് മുസ്‌ലിയാർ സ്വാഗതവും പേരോട് അബ്ദുറഹ്മാൻ സഖാഫി നന്ദിയും പറഞ്ഞു.