കോഴിക്കോട് - ചേവായൂരിൽ മനോവൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതി
ഇന്ത്യേഷ് കുമാറിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഇയാൾക്കായി വ്യാപക തിരച്ചിൽ നടത്തിവരികയാണ്. പ്രതി സംസ്ഥാനം വിട്ടതായാണ് സൂചനയെന്ന് പോലീസ് പറയുന്നു.
കെട്ടിടനിർമാണ തൊഴിലാളിയായ ഇന്ത്യേഷിന്‍റെ കോഴിക്കോട് പന്തീർപാടത്തെ വീട്ടിലും ഇയാൾ പോകാനിടയുളള വിവിധ കേന്ദ്രങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
പീഡനത്തിന് ശേഷം ഒരു പ്രാവശ്യം വീട്ടിലെത്തിയ ഇയാൾ പിന്നീട് മലപ്പുറത്തേക്ക് പോയതായാണ് വിവരം. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പെൺകുട്ടിയെ ബസ് ഷെഡിലേക്ക് കൊണ്ടുപോയ സ്കൂട്ടറിലാണ് ഇന്ത്യേഷ് ജില്ല വിട്ടത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇയാളുടെ പേരിലുളള സ്കൂട്ടർ തിരിച്ചറിഞ്ഞിട്ടുണ്ട്.
2003ൽ കാരന്തൂരിൽ മൂന്ന് പേരെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്ന ഇന്ത്യേഷ് ജീവപര്യന്തം തടവുശിക്ഷ(14 വർഷം) അനുഭവിച്ച വ്യക്തിയാണ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പ്രതികളെ സംഭവത്തിന് പിന്നാലെ അറസ്റ്റ് ചെയ്തിരുന്നു.
കുന്ദമംഗലം സ്വദേശികളായ ഗോപീഷും മുഹമ്മദ് ഷമീറുമാണ് പിടിയിലായത്. ഇവർ റിമാൻഡിലാണ്. കോഴിക്കോട് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശനന്റെ നേതൃത്വത്തിലാണ് അന്വേഷണം.
