വീട്ടില്‍നിന്ന് പിണങ്ങിയിറങ്ങിയ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ കുറ്റപത്രം

തളിപ്പറമ്പ്- വീട്ടുകാരുമായി പിണങ്ങി വീടുവിട്ട ഭര്‍തൃമതിയായ യുവതിയെ പ്രലോഭിപ്പിച്ച് പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സ്വകാര്യ ബസ് കണ്ടക്ടര്‍മാരായ പട്ടുവം കോയിത്തട്ട ഹൗസില്‍ കെ.രൂപേഷ് (24), കണ്ണൂര്‍ കക്കാട് മണ്ഡൂക്ക് ഹൗസില്‍ എന്‍.മിഥുന്‍ (30) എന്നിവരെ പ്രതിയാക്കിയാണ് തളിപ്പറമ്പ് പോലീസ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. തട്ടികൊണ്ടു പോകല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് കേസ്.
2020 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം. പാനൂര്‍ സ്വദേശിനിയായ ഭര്‍തൃമതിയാണ് പീഡനത്തിനിരയായത്. കോഴിക്കോട് പയ്യോളിയിലെ വീട്ടില്‍നിന്നു പിണങ്ങി ഇറങ്ങിയ യുവതി കണ്ണൂര്‍ ബസ് സ്റ്റാന്‍ഡിലെത്തുകയായിരുന്നു. ഇവിടെ വെച്ച് യുവതിയെ കണ്ട പ്രതികള്‍ താമസ സൗകര്യം ഒരുക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് ഇവരെയും കൂട്ടി പറശ്ശിനിക്കടവിലെത്തുകയും, ഇവിടെയുള്ള തീരം എന്ന റിസോര്‍ട്ടില്‍ മുറിയെടുത്ത് പാര്‍പ്പിക്കുകയും, കൂട്ട ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. യുവതിയെ കാണാതായതിനെത്തുടര്‍ന്ന് ഭര്‍തൃ ബന്ധുക്കള്‍ പയ്യോളി പോലിസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ തളിപ്പറമ്പിനടുത്ത് പറശ്ശിനിക്കടവിലാണ് ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയത്. തുടര്‍ന്ന് തളിപ്പറമ്പ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തളിപ്പറമ്പ് പോലീസ് ഉടന്‍ പറശ്ശിനിക്കടവില്‍ പരിശോധന നടത്തിയപ്പോള്‍ ഇവരെ പെട്രോള്‍ പമ്പിന് സമീപത്തുനിന്നു കണ്ടെത്തി. ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തു വന്നത്. പിന്നാലെ പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പിയായിരുന്ന കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. അദ്ദേഹം സ്ഥലം മാറി പോയതോടെ ഡി.വൈ.എസ്.പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറാക്കുകയായിരുന്നു.

 

 

Latest News