Sorry, you need to enable JavaScript to visit this website.

സ്റ്റാൻ സ്വാമി ബാക്കി വെച്ച സമരസന്ദേശം

ഭരണ വർഗത്തിന്റെ ചൂഷണങ്ങൾക്കെതിരെയും  ആദിവാസികളുടെയും മറ്റ് ദളിതരുടെയും മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയും  നിരന്തരം ഉയർന്ന് കേട്ട ആ ശബ്ദം ഇനി ഉയരില്ല. അനീതിയുടെ തടവറക്കുള്ളിൽ ഫാ.സ്റ്റാൻ സ്വാമിയുടെ അവസാന ശ്വാസവും നിലച്ചപ്പോൾ അത് ഭരണ വർഗത്തിന് നൽകിയ ആശ്വാസം ചെറുതായിരിക്കില്ല. കാരണം കാലങ്ങളായി അവർ അത് ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഫാ. സ്റ്റാൻ സ്വാമിയുടെത് ഒരു സാധാരണ മരണമല്ല. മറിച്ച് അത് ഒരു വേട്ടയാടലാണ്. കരിനിയമങ്ങളുടെ മറ പിടിച്ച് ഒരു ഭരണകൂടം ക്രൂരമായി നടത്തിയ കസ്റ്റഡി കൊലപാതകമായി തന്നെ ഇതിനെ കാണേണ്ടതുണ്ട്. ഒരു ജനാധിപത്യ രാജ്യത്താണ് മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട ഒരു വന്ദ്യ വയോധികൻ ഭരണ കൂട വേട്ടയുടെ ഇരയായിക്കൊണ്ട് ജീവിതം വെടിയേണ്ടി വന്നത്.

പാർക്കിസൻസ് അസുഖത്തെ തുടർന്ന് സ്വന്തമായി ചലിക്കാൻ കഴിയാതിരുന്ന, ഒരു ഗ്ലാസ് വെള്ളം പോലും സ്വയമെടുത്ത് കുടിക്കാൻ കഴിയാതിരുന്ന ഫാ.സ്റ്റാൻ സ്വാമി ജാമ്യം പോലും കിട്ടാതെ അവസാന ശ്വാസം വരെ തടവറക്കുള്ളിൽ കഴിയേണ്ടി വന്നതിന്റെ കാരണമെന്തായിരുന്നു?  ഉത്തരം വളരെ ലളിതം.  ആദിവാസികൾക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി ശബ്ദമുയർത്തിയതിന്. അവർക്കും ജീവിക്കാൻ അവകാശമുണ്ടെന്ന് ഭരണകൂടത്തിന്റെ മുഖത്ത് നോക്കിപ്പറഞ്ഞതിന്. മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിച്ചതിന്. ഫാസിസ്റ്റ് ഭരണകൂടത്തിന് ഒരു സാധു മനുഷ്യനെ ഭീകരവാദിയും രാജ്യദ്രോഹിയുമൊക്കെയാക്കി മാറ്റുന്നതിന് ഇതെല്ലാം ധാരാളമായിരുന്നു. 

ഹിന്ദുത്വത്തിന്റെ പേരിൽ തെരുവുകളിൽ കലാപങ്ങൾ അഴിച്ചു വിട്ട് നൂറ് കണക്കിനാളുകളെ  കശാപ്പ് ചെയ്തവരെ ഭരണ കൂടത്തിന്റെ കാരുണ്യത്തിൽ രാജ്യ സ്‌നേഹികളാക്കി മാറ്റുമ്പോൾ ഫാ. സ്റ്റാൻ സ്വാമിയെപ്പോലുള്ള മനുഷ്യസ്‌നേഹികൾക്ക് വിധിക്കുന്നത് മോചനമില്ലാത്ത തടവറയാണ്. ഭരണ കൂടത്തിന്റെ അധാർമ്മികതകൾക്കെതിരെ പൊങ്ങിയ അവരുടെ നാവുകൾ നിലയ്ക്കും വരെ അവർ തടവറകളിൽ പീഡനത്തിനിരയായിക്കൊണ്ടിരിക്കും. വർത്തമാനകാല ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും വലിയ വിരോധാഭാസമാണിത്.

ജാർഖണ്ഡിൽ ഭൂവുടമകളും ഖനിമാഫിയകളും ചേർന്ന് ആദിവാസികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിച്ചുകൊണ്ടാണ് ഫാ.സ്റ്റാൻ സ്വാമി ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയത്. ഖനിമാഫിയകളെ ചെറുക്കാൻ ശ്രമിക്കുന്ന ആദിവാസികളെ തീവ്രവാദ കുറ്റം ചുമത്തി ജാമ്യം പോലും കിട്ടാത്ത രീതിയിൽ ജയിലിലടക്കുന്ന ഭരണകൂട ചെയ്തികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് കൊണ്ട് വന്നത് ഫാ.സ്റ്റാൻ സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ജാർഖണ്ഡിൽ ഇത്തരത്തിൽ ജയിലിലടക്കപ്പെട്ട ആദിവാസികളിൽ 96 ശതമാനം പേരും നിരപരാധികളാണെന്ന വസ്തുതയും ഫാ.സ്റ്റാൻ സ്വാമി പുറത്ത് വിട്ടതോടെ ഖനിമാഫിയയുടെ ഒത്താശക്കാരായ ഭരണകൂടത്തിന് അത് വലിയ തിരിച്ചടിയായി മാറി. മാത്രമല്ല ഖനിമാഫിയകളുടെയും ഭൂമാഫിയകളുടെയും പീഡനങ്ങൾക്കെതിരെ ചെറുത്ത് നിൽക്കാൻ ആദിവാസികൾ ഉൾപ്പെടെയുള്ള ജനസമൂഹത്തെ പ്രാപ്തരാക്കുകയും അവരെ ജയിൽ മോചിതരാക്കാൻ നിയമ സഹായം നൽകുകയും ചെയ്തു. ഫാ.സ്റ്റാൻ സ്വാമിയെ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറ്റാൻ ഇത് തന്നെ ധാരാളമായിരുന്നു.  

മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന വിവിധ തലങ്ങളായുള്ള പോരാട്ടങ്ങളെ രാജ്യം ശ്രദ്ധിക്കാൻ തുടങ്ങിയതും മനുഷ്യ സ്‌നേഹികളുടെ വലിയ തോതിലുള്ള പിന്തുണ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തതോടെ അദ്ദേഹത്തെ എന്നന്നേക്കുമായി നിശബ്ദനാക്കാനുള്ള ശ്രമങ്ങൾക്ക് മോഡി ഭരണകൂടം കുതന്ത്രങ്ങൾ മെനയുകയായിരുന്നു. തമിഴ് നാട്ടുകാരനായ ജസ്യൂട്ട് വൈദികൻ ഫാ.സ്റ്റാൻ സ്വാമി ഉത്തരേന്ത്യയിലെത്തി അവിടത്തെ നിരക്ഷരരും പാവപ്പെട്ടവരുമായ ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും അവരെ ശാക്തീകരിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴുള്ള അപകടം മാഫിയയുടെ ഒത്താശക്കാരായ ഭരണകൂടം തിരിച്ചറിഞ്ഞിരുന്നു. അതിന്റെ അന്തിമഫലമാണ് ജയിലറക്കുള്ളിൽ കിടന്ന് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത്.

ഏത് രീതിയിൽ അദ്ദേഹത്തെ തളയ്ക്കാം എന്ന് കേന്ദ്ര ഭരണകൂടം ആലോചനയിൽ മുഴുകിയ വേളയിലാണ് പൂനെയിലെ ഭീമ കൊറേഗാവിൽ 2018 ജനുവരിയിൽ സ്‌ഫോടനം നടക്കുന്നത്. ഇതുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും ഈ കേസിൽ ഫാ.സ്റ്റാൻ സ്വാമിയെ പ്രതിയാക്കിക്കൊണ്ട് യു.എ.പി.എ എന്ന കരിനിയമം ചുമത്തിക്കൊണ്ട് ദേശീയ അന്വേഷണ ഏജൻസി അദ്ദേഹത്തെ റാഞ്ചിയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. താൻ ഈ പ്രദേശത്ത് പോയിട്ടില്ലെന്നും ഇതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം നിരവധി തവണ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അന്വേഷണ ഏജൻസികൾക്കാകട്ടെ വിശ്വസനീയമായ യാതൊരു തെളിവുകളും ഫാ.സ്റ്റാൻ സ്വാമിക്കെതിരെ ഇതുവരെ  കോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞിട്ടുമില്ല.

നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്ന യു എ പി എ നിയമത്തിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്തുകൊണ്ടാണ് ഫാ.സ്റ്റാൻ സ്വാമിയെ തടവിൽ പാർപ്പിച്ചത്. ഒരു മനുഷ്യന് ലഭിക്കേണ്ട  അവകാശങ്ങൾ അദ്ദേഹത്തിന് നിഷേധിക്കാൻ ഭരണകൂടം വ്യഗ്രത കാട്ടി. യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിലടക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ വ്യക്തിയായിട്ടും ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളുണ്ടായിട്ടും അതിന്റെതായ യാതൊരു പരിഗണനയും അദ്ദേഹത്തിന് നൽകിയില്ല. പാർക്കിസൻസ് രോഗം ബാധിച്ച് കൈ വിറച്ചിരുന്നതിനാൽ ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടിക്കാൻ കഴിയാതിരുന്നതിനാൽ ഒരു സ്‌ട്രോ അനുവദിക്കണമെന്ന ആവശ്യം പോലും ജയിലധികൃതർ നിഷേധിക്കുകയായിരുന്നു. അത്രത്തോളമായിരുന്നു അദ്ദേഹത്തോടുള്ള ക്രൂരത. ഒടുവിൽ നിയമപ്പോരാട്ടങ്ങളിലൂടെയാണ് വെള്ളം കുടിക്കാനായി സ്‌ട്രോ അനുവദിച്ചു കിട്ടിയത്. 
ഗുരുതര രോഗം ബാധിച്ചിട്ടുപോലും താത്ക്കാലിക ജാമ്യം നൽകാൻ ഭരണ കൂടം അനുവദിച്ചില്ല. ഒടുവിൽ കോടതി ഇടപെടലിനെ തുടർന്ന് ഒരുമാസം മുൻപ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണമടയുകയുമായിരുന്നു. ഇടക്കാല ജാമ്യ ഹരജി എൻ.ഐ.എ കോടതി തള്ളിയതിനെ തുടർന്ന് അദ്ദേഹം മുംബൈ ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. 

ഫാ.സ്റ്റാൻ സ്വാമി മരണമടഞ്ഞ വിവരം അറിഞ്ഞ കോടതി നടുക്കവും ഖേദവും പ്രകടിപ്പിച്ചു. എന്നാൽ കോടതി നടുക്കം പ്രകടിപ്പിച്ചത്‌കൊണ്ട് മാത്രമായില്ല.  ഇത്തരത്തിൽ ആയിരക്കണക്കിന് മനുഷ്യാവകാശ പ്രവർത്തകർ യു.എ.പി.എ എന്ന കരിനിയമം ചുമത്തപ്പെട്ട് തീവ്രവാദികളും രാജ്യദ്രോഹികളുമായി ഇന്ത്യയിലെ വിവിധ ജയിലുകളിൽ ജാമ്യം പോലും കിട്ടാതെ കഴിയുന്നുണ്ടെന്ന കാര്യം ഇനിയെങ്കിലും നീതിന്യായ സംവിധാനങ്ങളുടെ തലപ്പത്തിരിക്കുന്നവർ മനസ്സിലാക്കേണ്ടതുണ്ട്. 

അറിഞ്ഞോ അറിയാതെയോ നീതിന്യായ സംവിധാനങ്ങളും ഒരു പരിധിവരെ ഈ അനധികൃത തടവിന് കൂട്ടുനിൽക്കുകയാണ്. യു.എ.പി.എ ചുമത്തപ്പെട്ട് ജയിലുകളിൽ കഴിയുന്ന മുഴുവൻ പേരും നിരപരാധികളാണെന്നല്ല പറയുന്നത്. മറിച്ച് ഭരണ കൂടത്തെ വിമർശിക്കുകയും മനുഷ്യാവകാശ ലംഘനത്തിനെതിരെ ശബ്ദിക്കുകയും ചെയ്ത നിരവധിയാളുകളെ ഈ നിയമം ദുരുപയോഗപ്പെടുത്തി മോഡി ഭരണകൂടം ജയിലിലടച്ചിട്ടുണ്ട്. അതേപ്പറ്റി ഒരു വസ്തുതാന്വേഷണം നടത്താനെങ്കിലും കോടതികൾ തയ്യാറാകേണ്ടതാണ്. 

ഭരണകൂടം പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്നിടത്ത് ഒരു രാജ്യത്തെ പൗരന് കാവലാളാകേണ്ട ചുമതല നീതിന്യായ വ്യവസ്ഥയുടേതാണ്. എന്നാൽ ഫാ.സ്റ്റാൻ സ്വാമിയുടെ കാര്യത്തിൽ നീതിന്യായ വ്യവസ്ഥ പോലും പരാജയപ്പെട്ടുപോയി. അവിടെയാണ് ജനാധിപത്യം ഇല്ലാതാകുന്നത്. യു.എ.പി.എ എന്ന കരിനിയമത്തിന്റെ ദുരുപയോഗത്തെക്കുറിച്ച് നിരവധി ചർച്ചകൾ രാജ്യത്ത് നടന്നു കഴിഞ്ഞെങ്കിലും ഇതിന് ഫലപ്രദമായ പരിഹാരം കാണാൻ നീതിന്യായ വ്യവസ്ഥക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ പോലും ഇക്കാര്യത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കുന്നില്ല. യു.എ.പി.എയുടെ ദുരുപയോഗത്തെക്കുറിച്ച് പാർലമെന്റിൽ ഒരു വലിയ ചർച്ചയെങ്കിലും ഉയർത്തിക്കൊണ്ടു വരാൻ അവർക്ക് കഴിയേണ്ടതായിരുന്നു.

അടിയന്തരാവസ്ഥയെ മാറ്റി നിർത്തിയാൽ പൗരാവകാശങ്ങൾ ഇത്രത്തോളം ഹനിക്കപ്പെടുന്ന കാലഘട്ടം ഇന്ത്യയുടെ ചരിത്രത്തിൽ ഇതിന് മുൻപ് ഉണ്ടായിട്ടില്ല. തങ്ങൾക്കെതിരെ ഉയരുന്ന ദുർബലമായ ശബ്ദങ്ങളെപ്പോലും വേട്ടക്കാരന്റെ അതേ മാനസികാവസ്ഥയോടെ രാജ്യത്തെ ഭരണകൂടം അടിച്ചമർത്തുമ്പോൾ  യു.എ.പി.എ ചുമത്തപ്പെട്ട് നിരപരാധികളായ ഒരുപാട് പേർ  നീതി തേടി തടവറകളിൽ നരകയാതനയുമായി കഴിയുന്നുണ്ട്. ഫാ. സ്റ്റാൻ സ്വാമിയുടെ ജീവത്യാഗം അവർക്ക് വേണ്ടി നീതിന്യായ വ്യവസ്ഥയുടെ കണ്ണ് തുറപ്പിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.
 

Latest News