ജിദ്ദയിൽ മലയാളിയെ കൊലപ്പെടുത്തിയത് ആസൂത്രണത്തോടെ, ശിക്ഷ നടപ്പാക്കിയതിൽ ആശ്വാസം

അമീറലി

ജിദ്ദ- ജിദ്ദയിൽ മലയാളിയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കിയതോടെ നീതി നടപ്പാതിന്റെ ആശ്വാസത്തിലാണ് കുടുംബവും പ്രവാസി സമൂഹവും. അൾഖുറൈശി കമ്പനിയിൽ ( സിറ്റിസൺ വാച്ച്) കാഷ്യറായി ജോലി ചെയ്തിരുന്ന മലപ്പുറം തേഞ്ഞിപ്പലത്തിനടുത്ത ചാത്രത്തൊടി സ്വദേശി കോഴിത്തൊടി വെള്ളക്കടവത്ത് അമീറലിയെ പണം തട്ടിയെടുക്കുന്നതിനായി സഹപ്രവർത്തകരുടെ സഹായത്തോടെ സൗദി പൗരൻ ഫുവാദ് ബിൻ നൂഹ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല കൊലപ്പെടുത്തിയത് 2006 മാർച്ച് 28നായിരുന്നു. ജിദ്ദ ബലദിലെ ഓഫീസിൽ വെച്ചായിരുന്നു ക്രൂരമായ കൊലപാതകം. ജിദ്ദക്ക് പുറത്ത് പ്രവർത്തിക്കുന്ന ഒരു സെയിൽസ്മാൻ അമീറലിയെ വിളിച്ച് കമ്പനിയിൽ അടക്കാനുള്ള പണവുമായി വരികയാണെന്നും ഓഫീസ് സമയം കഴിഞ്ഞാലും കാത്തിരിക്കണമെന്നും പറഞ്ഞതനുസരിച്ച് അമീറലി കാത്തിരിക്കുകയായിരുന്നു. ഈ സെയിൽസ്മാനും പ്രതിയും ബലദിലെ കിംഗ് അബ്ദുൽ അസീസ് റോഡിലെ കെട്ടിടത്തിന്റെ മുകൾനിലയിലേക്കെത്തി അമീറലിയെ കൊലപ്പെടുത്തി മൃതദേഹം കാർട്ടൺ പെട്ടിയിലാക്കി റുവൈസ് ഭാഗത്തെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി കുഴിയിൽ തള്ളി മണ്ണിട്ട് മൂടുകയായിരുന്നു. ബലദിലെ കെട്ടിടത്തിന്റെ താഴെ നിലയിലുള്ള ചില കടക്കാർക്ക് സംശയം തോന്നിയതിനെത്തുടർന്ന് അവരാണ് പോലീസിൽ വിവരമറിയിച്ചത്. മൂന്നു ദിവസത്തിന് ശേഷം പ്രതികളെ വലയിലാക്കാനുമായി. പിറ്റേ ആഴ്ച നാട്ടിൽ പോകാനിരുന്നതാണ് അമീറലി.
ഏറെക്കാലത്തെ സഹപ്രവർത്തകനായ യെമനിയും സൗദി പൗരനായ  പ്രതിയും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് കൊലപാതകത്തിൽ കലാശിച്ചത്. സെയിൽസ്മാൻ കമ്പനിയിൽ അടക്കേണ്ട ഒരു മാസത്തെ കലക്ഷനടക്കം വൻ തുക കൈപറ്റുന്നത് അമീറലിയായിരുന്നു. ആ പണം അടക്കാതിരിക്കാനും കമ്പനിയിൽ അന്ന് വന്ന മറ്റു കലക്ഷൻ തുക കൈക്കലാക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു കൊലപാതകം. മൂന്നു ദിവസത്തിനകം അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയും സഹായികളുമായി പോലീസ്, കൊലപാതകത്തിന്റെ ഡമോൺസ്‌ട്രേഷൻ നടത്തിയിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ പ്രതിയെ പോലീസ് ജിദ്ദ ക്രിമിനൽ കോടതിയിൽ ഹാജരാക്കി. കൊലപാതകം തെളിഞ്ഞതോടെ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം ജുഡീഷ്യൽ കോർട്ടും കീഴ്‌ക്കോടതി വിധി ശരിവെച്ചതോടെയാണ് പ്രതിയുടെ ശിക്ഷ നടപ്പാക്കിയതെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ജിദ്ദയിലെ മലയാളികളിൽ ഏറെ നടുക്കമുണ്ടാക്കിയതായിരുന്നു ഈ കൊലക്കേസ്.

Latest News