ന്യൂദല്‍ഹി- രാജ്യത്ത് എല്ലാവര്‍ക്കും ഒരുപോലെ ബാധകമായ ഏക സിവില്‍ കോഡ് ആവശ്യമാണെന്നും ഇത് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നപടികള്‍ സ്വീകരിക്കണമെന്നും ദല്‍ഹി ഹൈക്കോടതി. ആധുനിക ഇന്ത്യന്‍ സമൂഹം കൂടുതലായി ഏകജാതീയമായ സ്വഭാവത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും പരമ്പരാഗത മത, സാമുദായിക, ജാതീയ പ്രതിബന്ധങ്ങളെല്ലാം മാഞ്ഞുകൊണ്ടിരിക്കുന്നു. ഈ മാറ്റം കണക്കിലെടുക്കുമ്പോള്‍ ഏക സിവില്‍ കോഡാണ് വേണ്ടത്- ജസ്റ്റിസ് പ്രതിഭ എം സിങ് നിരീക്ഷിച്ചു.
രാജസ്ഥാനിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട മീണ സമുദായത്തിലെ രണ്ടു പേരുടെ വിവാഹ മോചനത്തില്‍ 1955ലെ ഹിന്ദു വിവാഹ നിയമം ബാധകമല്ല എന്നതു സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ഏക സിവില്‍ കോഡിന്റെ ആവശ്യം എടുത്തു പറഞ്ഞത്. ഹിന്ദു വിവാഹ നിയമം എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മീണ സമുദായത്തിന് ബാധകമല്ലെന്നും അതിനാല്‍ ഈ നിയമപ്രകാരമുള്ള വിവാഹ മോചനത്തിന് സാധുതയില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
രാജ്യത്തിനാകെ ഒറ്റ സിവില്‍ നിയമം എന്നതാണ് ഏക സിവില്‍ കോഡ്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ദത്തെടുക്കല്‍ തുടങ്ങി വ്യക്തിപരമായ കാര്യങ്ങളില്‍ എല്ലാ മത വിഭാഗക്കാര്‍ക്കും ഏക നിയമം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് മത വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസ പ്രകാരമുള്ള വ്യക്തിനിയമങ്ങള്‍ പാലിക്കാനുള്ള അവസരം നിഷേധിക്കും. ഹിന്ദു വിവാഹ നിയമം, ഹിന്ദു സ്വത്തവകാശ നിയമം, ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം, പാഴ്‌സി വിവാഹ-വിവാഹ മോചന നിയമം എന്നിങ്ങനെ നിലവില്‍ വിവിധ മത സമൂഹങ്ങള്‍ക്ക് വെവ്വേറെ വ്യക്തിനിയമങ്ങളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. അതേസമയം മുസ്‌ലിം വ്യക്തി നിയമങ്ങള്‍ നിയമമാക്കിയിട്ടില്ല. മത ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങള്‍ പിന്തുടരാനുള്ള അവകാശം ഇപ്പോള്‍ ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കുണ്ട്.