പാലക്കാട്- പട്ടാമ്പി കറുകപ്പുത്തൂരിൽ പെൺകുട്ടി പീഡനത്തിനിരയായ കേസിൽ തൃത്താല പോലീസിന് ഗുരുതര വീഴ്ച. പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയ സംഘത്തെ പട്ടാമ്പിയിലെ ഹോട്ടലിൽ നിന്ന് പിടികൂടിയെങ്കിലും ഉന്നത സ്വാധീനത്തെ തുടർന്ന് പോലീസ് വിട്ടയക്കുകയായിരുന്നു. കേസിലെ പ്രധാന പ്രതിയായ അഭിലാഷിന്റെ ബന്ധുവിന്റെ സ്വാധീനത്തെ തുടർന്നാണ് നടപടിയെടുക്കാതിരുന്നതെന്ന് വ്യക്തമായി. സംഘം ഹോട്ടലിൽ ഉണ്ടായിരുന്ന സമയം തൃത്താല പോലീസ് എത്തിയിരുന്നുവെന്ന വിവരം ഹോട്ടലുടമയും സ്ഥിരീകരിച്ചു.
പ്രധാന പ്രതി അഭിലാഷിന്റെ ഭീഷണിയ്ക്ക് വഴങ്ങി ഏറ്റവുമൊടുവിൽ പെൺകുട്ടി വീടുവിട്ടിറങ്ങിയത് കഴിഞ്ഞ മാസം നാലിനാണ്. തൃശൂരിലെ പെൺ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അഭിലാഷിനൊപ്പം പോയത്. എന്നാൽ എട്ടാം തിയതി വരെ പട്ടാമ്പിയിലെ ആര്യ ഹോട്ടലിൽ മുറിയിൽ അഭിലാഷും പെൺകുട്ടിയും ഉണ്ടായിരുന്നു. ഈ ദിവസങ്ങളിൽ മുറിയിൽ ലഹരി പാർട്ടി നടന്നിരുന്നു. പട്ടാമ്പി മേഖലയിലെ അഭിലാഷിന്റെ 9 സുഹൃത്തുക്കളും മാരക മയക്കുമരുന്ന് ഉപയോഗിച്ചുള്ള പാർട്ടിയുടെ ഭാഗമായി. ഈ ഘട്ടത്തിലെല്ലാം മയക്കുമരുന്ന് നൽകി കുട്ടിയെ അഭിലാഷ് പീഡിപ്പിച്ചു. ഹോട്ടലിൽ ലഹരി പാർട്ടി നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് തൃത്താല പോലീസ് സ്ഥലത്തെത്തി.
മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പെൺകുട്ടിയും അഭിലാഷുമടക്കമുള്ളവരെയും വിട്ടയക്കുകയാണ് പോലീസ് ചെയ്തത്. അഭിലാഷിന്റെ ബന്ധുവായ ജെപി എന്ന ജയപ്രകാശിന്റെ സ്വാധീനം മൂലമാണ് എല്ലാവരെയും വിട്ടയച്ചതെന്ന് പെൺകുട്ടിയുടെ ഉമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ഇതിന് ശേഷമാണ് പെൺകുട്ടിയെ റാക്കറ്റിൽ നിന്ന് മോചിപ്പിച്ച് ചികിത്സയ്ക്ക് വിധേയമാക്കിയത്.
പ്രതികൾക്ക് ഉന്നത സ്വാധീനമുണ്ടെന്ന കണക്കുകൂട്ടലിലാണ് ബന്ധുക്കൾ സ്പീക്കർ എം ബി രാജേഷ് വഴി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പിന്നാലെയാണ് കേസന്വേഷണം ഊർജിതമാവുകയും മൂന്ന് പ്രധാന പ്രതികളെ പിടികൂടുകയും ചെയ്തത്. കേസിൽ മൂന്നാം പ്രതി മുഹമ്മദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ലഹരിമരുന്ന് റാക്കറ്റിലെ കണ്ണികളായ അഭിലാഷിന്റെ 9 സുഹൃത്തുക്കളുടെ വീടുകളിലും ഇന്നലെ രാത്രി ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം റെയ്ഡ് നടത്തിരുന്നു. ഇവർ ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം. ഇവരെ കൂടി പിടികൂടിയാൽ മാത്രമേ ആരാണ് ലഹരിവസ്തുക്കൾ എത്തിച്ചതെന്നത് സംബന്ധിച്ച വിവരം വ്യക്തമാകൂ.