അധോലോക മാഫിയ യൂത്ത് കോൺഗ്രസ് പകൽപ്പന്ത പ്രതിഷേധം സംഘടിപ്പിച്ചു

കണ്ണൂരിൽ നടത്തിയ പകൽപ്പന്തം പ്രതിഷേധ പരിപാടി റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ -  വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും, സർക്കാർ തണലിലെ  സി.പി.എം, ഡി.വൈ.എഫ്.ഐ അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്‌ക്വയറിൽ പകൽപ്പന്തവുമായി പ്രതിഷേധ സമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.
വണ്ടിപ്പെരിയാറിൽ മൂന്ന് വയസ് മുതൽ ആറ് വയസുവരെ കുട്ടിയെ പീഡിപ്പിച്ച ഗുരുതരമായ സംഭവം ഉണ്ടായിട്ടുപോലും സർക്കാർ കർക്കശമായ നടപടിയുമായി മുന്നോട്ട് വരാത്തത് ഇരകൾക്കൊപ്പമല്ല തങ്ങളെന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത റിജിൽ മാക്കുറ്റി പറഞ്ഞു.
വാളയാറിൽ രണ്ട് പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് തൊട്ട് പിന്നാലെയാണ് സമാനമായ സംഭവം വണ്ടിപ്പെരിയാറിലും ഉണ്ടായിരിക്കുന്നത്. 
ക്രിമിനലുകൾക്കൊപ്പം സർക്കാരുണ്ടെന്ന സന്ദേശം നൽകുന്നതാണ് സർക്കാരിന്റെ  ഇടപെടലിലൂടെ വ്യക്തമാകുന്നതെന്നും മാക്കുറ്റി പറഞ്ഞു. സ്വർണക്കടത്തും മയക്ക് മരുന്നും ക്വട്ടേഷൻ പ്രവർത്തനവും നടത്തി നമ്മുടെ സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുന്ന കാഴ്ചയാണ് ദിനം പ്രതിയെന്നോണം വരുന്ന വാർത്തകൾ. ക്രിമിനലുകൾക്ക് ഒപ്പം നിൽക്കുന്ന സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭം വരും ദിവസങ്ങളിലുണ്ടാകുമെന്നും റിജിൽ മാക്കുറ്റി പറഞ്ഞു. 
 പകൽപ്പന്തം പ്രതിഷേധ സമര പരിപാടിയിൽ യൂത്ത് കോൺഗ്രസ്  ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സന്ദീപ് പാണപ്പുഴ, റോബോർട്ട് വെള്ളാംവെള്ളി, റിജിൻരാജ്, വിജിത്ത് മുല്ലോളി, ജില്ലാ ഭാരവാഹികളായ വി രാഹുൽ, പ്രിനിൽ മതുക്കോത്ത്, ശ്രീജേഷ് കൊയിലേരിയൻ, പി .ഇമ്രാൻ വരുൺ എം.കെ, നികേത് നാറാത്ത്, അക്ഷയ് കോവിലകം, നൗഫൽ വാരം,ജിതേഷ് മണൽ, സിവി സുമിത്ത്, വരുൺ സിവി തുടങ്ങിയവർ നേതൃത്വം നൽകി. 
ഇന്ന് 11 നിയോജക മണ്ഡലം കേന്ദ്രങ്ങളിലും തുടർന്ന് മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് സുധീപ് ജെയിംസ് അറിയിച്ചു.

Latest News