Sorry, you need to enable JavaScript to visit this website.

ഇ. ചന്ദ്രശേഖരന്റെ സ്ഥാനാർത്ഥിത്വം ചോദ്യം ചെയ്ത  സി.പി.ഐ നേതാക്കൾക്ക് പരസ്യശാസന 

കാസർകോട് - നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന് കണ്ടെത്തിയ സി .പി .ഐ നേതാക്കളെ പരസ്യമായി ശാസിക്കുന്നു. മുൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെ മൂന്നാമതും കാഞ്ഞങ്ങാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സി പി ഐ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പരസ്യ നിലപാട് എടുത്ത സി പി ഐ ജില്ലാ എക്സിക്യൂട്ടീവംഗവും സംസ്ഥാന കൗൺസിൽ അംഗവുമായ ബങ്കളം കുഞ്ഞികൃഷ്ണനെയും ജില്ലാ കൗൺസിലംഗം എ. ദാമോദരനെയും പരസ്യമായി ശാസിക്കാൻ  സി.പി.ഐ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു.  
ചന്ദ്രശേഖരന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് ബങ്കളം കുഞ്ഞികൃഷ്ണൻ ഇടതുമുന്നണിയുടെ കാഞ്ഞങ്ങാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ സ്ഥാനം രാജിവെക്കുകയും മാധ്യമങ്ങളോട് പരസ്യമായി വിരുദ്ധ നിലപാട് പറയുകയും ചെയ്തിരുന്നു. പാർട്ടിയുടെ ഉയർന്ന നേതാക്കളും ഇ. ചന്ദ്രശേഖരനും ബങ്കളം കുഞ്ഞിക്കൃഷ്ണനുമായി നേരിട്ട് സംസാരിച്ചതിനെ തുടർന്നാണ് അന്ന് താൽക്കാലികമായി മഞ്ഞുരുകിയത്.

പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് പിന്നീട് പരസ്യ പ്രതികരണം നടത്തിയില്ലെങ്കിലും തെരഞ്ഞെടുപ്പ് രംഗത്ത് ബങ്കളം കുഞ്ഞികൃഷ്ണൻ അത്ര സജീവമല്ലായിരുന്നു. ഒരാൾക്ക് രണ്ട് തവണയെന്ന പൊതു മാനദണ്ഡ പ്രകാരം ചന്ദ്രശേഖരൻ ഇത്തവണ മത്സരിക്കില്ലെന്നും സി .പി .ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, സംസ്ഥാന കൗൺസിൽ അംഗവും കാനം രാജേന്ദ്രന്റെ വിശ്വസ്തനുമായ ബങ്കളം കുഞ്ഞികൃഷ്ണൻ എന്നിവരിൽ ആരെങ്കിലും സ്ഥാനാർത്ഥിയാകും എന്നും പ്രചാരണമുണ്ടായിരുന്നു. പാർട്ടിയുടെ പൊതുവായ നിലപാടിന് വിരുദ്ധമായി അവസാന നിമിഷം ചന്ദ്രശേഖരന് തന്നെ മൂന്നാമതും കാഞ്ഞങ്ങാട് സീറ്റ് നൽകിയതിനെതിരെയാണ് കാഞ്ഞങ്ങാട്ട് പ്രതിഷേധം ഉയർന്നത്. വസ്തുത എന്തായാലും പാർട്ടി അച്ചടക്കം ലംഘിക്കുന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചതെന്നാണ് സി പി ഐ നേതൃത്വം വിലയിരുത്തിയത്. അച്ചടക്ക നടപടിയെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ ടി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന അസി. സെക്രട്ടറി സത്യൻമോകേരി, ദേശീയ കൗൺസിലംഗം ഇ. ചന്ദ്രശേഖരൻ എം എൽഎ, സംസ്ഥാന എക്സിക്യൂട്ടീവംഗം സി പി മുരളി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Latest News