കോട്ടയം- നഗരസഭാ ഫണ്ട് ന്യൂജെൻ ബാങ്കിൽ നിക്ഷേപിച്ച വിവാദത്തിനിടെ നിലപാട് വിശദീകരിച്ച് യു.ഡി.എഫ് ഭരിക്കുന്ന കോട്ടയം നഗരസഭ രംഗത്തു വന്നു. മൂന്നുമാസം ഫണ്ട് ബാങ്കിൽ മാറ്റി നിക്ഷേപിച്ചതിലൂടെ നഗരസഭയ്ക്ക് പലിശ ഇനത്തിൽ ഒരുലക്ഷത്തോളം രൂപ ലഭിച്ചു. ഇത് നഗരസഭയ്ക്ക് നേട്ടമാണ്.
കൂടാതെ ബാങ്ക് സമ്മാനിച്ച ഇലക്ട്രിക്ക് സ്കൂട്ടർ ജീവനക്കാർക്ക് ഓഫീസ് ഉപയോഗത്തിനും പ്രയോജനമായതായി ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എം.പി. സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.
നഗരസഭയുടെ പൊതുമേഖലാ ബാങ്ക് അക്കൗണ്ടിൽ കിടന്ന ഒരു കോടിരൂപയാണ് മാറ്റി നിക്ഷേപിച്ചത്. ഇത് ഉദ്യോഗസ്ഥ തലത്തിൽ ചെയ്ത ശേഷമാണ് ചെയർപേഴ്സണെ അറിയിച്ചത്. അതിൽ വിവാദത്തിനു കാര്യമില്ല. നഗരസഭ ഫണ്ട് പൊതുമേഖലാ ബാങ്കിൽ തന്നെ നിക്ഷേപിക്കണെന്ന് അനുശാസിക്കുന്നില്ല. പലിശ വരുമാനം കുറഞ്ഞ ബാങ്കിൽനിന്നു കൂടിയ ബാങ്കിലേക്ക് മാറ്റുകയാണ് ചെയ്തത്. ഇത് ചർച്ചാവിഷയമാക്കാൻ ഇടതുമുന്നണി മത്സരിക്കുകയാണ്.
കോട്ടയം നഗരസഭാ ഭരണം നിശ്ചലമാക്കാൻ എൽ.ഡി.എഫ് നടത്തുന്ന സംഘടിത ശ്രമമാണ് അടിസ്ഥാനരഹിതമായ അഴിമതി ആരോപണം. യു.ഡി.എഫ് ജില്ലയ്ക്ക് മാത്യകയാകുന്ന തരത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ചു. വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമതയോടും നടപ്പിലാക്കി മുന്നോട്ട് പോകുമ്പോൾ ഉദ്യോഗസ്ഥാ മനോവീര്യം തകർക്കുവാനും നഗരസഭ ഭരണം നിശ്ചലമാക്കുവാനുമുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമായാണ് നഗരസഭയിൽ എൽ.ഡി.എഫ് നടത്തുന്ന സമരങ്ങൾ. സർക്കാർ നിർദേശത്തെ തുടർന്ന് നഗരസഭാ കൗൺസിൽ ഓൺലൈനായി നടത്തുമ്പോൾ അതിനെതിരെ കൂട്ടംചേർന്ന് മുനിസിപ്പൽ ചെയർപേഴ്സണെ ഉപരോധിക്കുന്നതിലെ വിരോധാഭാസം പൊതുജനം തിരിച്ചറിയുമെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി.
നഗരസഭാ അക്കൗണ്ടിലെ തുക മറ്റൊരു ബാങ്കിലേയ്ക്ക് ഉദ്യോഗസ്ഥർ മാറ്റി നിക്ഷേപിച്ചത് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചപ്പോൾ തന്നെ നിലവിലെ ബാങ്കിൽ തുക തിരിച്ചിട്ടു. ആക്ഷേപം വന്നതിനാലാണ് തുകതിരിച്ചിട്ടത്. ആക്ഷേപമുന്നയിക്കുന്നവർ കേരളത്തിലെ ഇടതുപക്ഷം ഭരിക്കുന്ന ആലപ്പുഴ നഗരസഭ അടക്കമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ടുകൾ സമാന രീതിയിൽ ന്യൂജൻ ബാങ്കിൽ നിക്ഷേപിച്ചതു കാണുന്നില്ല. ഇത്തരം ആരോപണം കോട്ടയം നഗരസഭയിൽ ഉന്നയിക്കുന്നതിൽ ഇരട്ടത്താപ്പാണ്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.സി. റോയി, മണ്ഡലം പ്രസിഡന്റ് സാബു മാത്യു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.






