മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കേസെടുക്കണം-ഹസൻ

തിരുവനന്തപുരം- ഹെലികോപ്റ്റര്‍ യാത്രയ്ക്കായി ഓഖി ഫണ്ട്  ഉപയോഗിച്ച മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം വിജിലന്‍സ് കേസെടുക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍. 

സര്‍ക്കാര്‍ ഫണ്ട് സ്വകാര്യ ആവശ്യത്തിനു വിനിയോഗിക്കുകയാണു ചെയ്തത്. എട്ടു ലക്ഷം രൂപയുടെ അഴിമതിയാണ് മുഖ്യമന്ത്രി നേരിട്ടു നടത്തിയിരിക്കുന്നതെന്നും ഹസന്‍ ആരോപിച്ചു.

തങ്ങള്‍ അറിയാതെയാണു ഓഖി ഫണ്ടില്‍ നിന്നു തുക അനുവദിച്ചതെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ വിശദീകരണം തെറ്റാണ്. ഫണ്ട് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിന്‍റെ കോപ്പി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, റവന്യൂ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങി ബന്ധപ്പെട്ടവര്‍ക്കെല്ലാം നല്‍കിയിട്ടുണ്ടെന്ന് ഉത്തരവില്‍ തന്നെ വ്യക്തമാണ്. വസ്തുത ഇതായിരിക്കെ, മുഖ്യമന്ത്രിയുടെ ഓഫീസ് ഇതൊന്നും അറിഞ്ഞില്ലെന്നു പച്ചക്കള്ളം തട്ടിവിടുകയാണു ചെയ്തതെന്നും ഹസന്‍ പറഞ്ഞു.

റവന്യൂ അഡീഷണല്‍ സെക്രട്ടറിയെ ബലിയാടാക്കി രക്ഷപ്പെടാനാണ് ഇപ്പോഴത്തെ നീക്കം. മുഖ്യമന്ത്രിയുടെയോ അദ്ദേഹത്തിന്റെ ഓഫിസിന്റേയോ അറിവോടെ മാത്രമേ സെക്രട്ടറി ഇത്തരമൊരു തീരുമാനമെടുക്കൂ എന്ന് സര്‍ക്കാര്‍ കാര്യങ്ങള്‍ അറിയുന്ന എല്ലാവര്‍ക്കും അറിയാമെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

Latest News