Sorry, you need to enable JavaScript to visit this website.

ഗതാഗത നിലവാരം ഉയർത്തൽ: സൗദിയിൽ  20 എയർപോർട്ടുകൾ നവീകരിക്കുന്നു

റിയാദ്- സൗദിയിൽ 20 അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളങ്ങൾ വികസിപ്പിക്കുന്നതിനും റിയാദ് ആസ്ഥാനമായി പുതിയ ദേശീയ വിമാന സർവീസ് കമ്പനി ആരംഭിക്കുന്നതിനും ഗതാഗത മന്ത്രാലയവും സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും തയാറെടുക്കുന്നു. 
2030 ഓടെ സൗദി വ്യോമയാന മേഖലയിൽ 330 മില്യൺ യാത്രികരെയും 4.5 മില്യൺ ടൺ കാർഗോയും കൈകാര്യം ചെയ്യാൻ പര്യാപ്തമാക്കുന്നതിന് ആവിഷ്‌കരിച്ച ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സേവന തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം. എണ്ണ വരുമാനത്തിൽനിന്ന് നിരാശ്രയത്വം നേടുന്നതിനായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവിഷ്‌കരിച്ച സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷൻ 2030 സാക്ഷാത്കരിക്കുന്നതിന്റെ ഭാഗം കൂടിയാണിത്. 


ഉപയോക്താക്കൾക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനോടൊപ്പം സൗദി വിമാനത്താവളങ്ങളുടെ വാണിജ്യമൂല്യം ഉയർത്തുകയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. റിയാദ്, ജിദ്ദ എന്നീ നഗരങ്ങളെ ആഗോള വ്യോമയാന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ദേശീയ തന്ത്രത്തിന്റെ മറ്റൊരു ലക്ഷ്യം. റിയാദിൽ പുതിയ ദേശീയ വിമാന കമ്പനി സ്ഥാപിക്കുന്നതോടെ സൗദി എയർലൈൻസിന്റെ ആസ്ഥാനം ജിദ്ദയായി മാറും. 2030 ഓടെ റിയാദിൽ പ്രതിവർഷം 93 മില്യൺ യാത്രക്കാരെ സ്വീകരിക്കാനുള്ള ശേഷിയിൽ പുതിയ എയർപോർട്ട് സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. 


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യാത്രികരുടെ ആവശ്യം പരിഗണിച്ച് കൂടുതൽ പ്രദേശങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കും. രാജ്യത്തിനകത്തും പുറത്തുമായി 50 നഗരങ്ങളിലേക്ക് കൂടി ദേശീയ വിമാന കമ്പനികൾ സർവീസ് നടത്തും. ആഭ്യന്തര, അന്താരാഷ്ട്ര വിമാന കമ്പനികൾക്കിടയിൽ ആരോഗ്യകരമായ കിടമത്സരം വർധിപ്പിക്കാൻ ഈ തീരുമാനം സഹായകമാകും.
അറ്റക്കുറ്റപ്പണികളും മോടിപിടിപ്പിക്കലും നടത്തേണ്ട 20 എയർപോർട്ടുകളിൽ ആറെണ്ണം അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ്. ഇവയിൽ നാല് എയർപോർട്ടുകൾ അടിയന്തരമായി നവീകരിക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു. ദേശീയ തന്ത്രം സാക്ഷാത്കരിക്കപ്പെടുന്നപക്ഷം, ജിദ്ദ, റിയാദ് എയർപോർട്ടുകളിൽ പ്രതിവർഷം 20.7 കോടി യാത്രക്കാരെ സ്വീകരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. വികസിപ്പിക്കാൻ ഒരുങ്ങുന്ന 10 റീജണൽ വിമാനത്താവളങ്ങളിൽ ഒമ്പത് എണ്ണത്തിൽ മുൻഗണനാക്രമത്തിൽ പ്രവർത്തനം തുടങ്ങും. 12 ആഭ്യന്തര വിമാനത്താവളങ്ങൡ ഏഴിടങ്ങളിലാണ് ആദ്യഘട്ടത്തിൽ അറ്റക്കുറ്റപ്പണി തുടങ്ങുകയെന്നും ജി.എ.സി.എ വൃത്തങ്ങൾ സൂചിപ്പിച്ചു.

Latest News